കൊച്ചി: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അതിഗംഭീരമെന്ന് പ്രിവ്യൂ ഷോ റിപ്പോർട്ട്. ചെന്നൈയിലെ ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് ഡബ്ബിംഗ് സ്റ്റുഡിയോയിൽവെച്ചായിരുന്നു സ്‌ക്രീനിംഗ്. കുടുംബ സമേതമാണ് മോഹൻലാൽ പ്രിവ്യൂഷോ കാണാനെത്തിയത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നിർമ്മാണ പങ്കാളികൾക്കും ചലച്ചിത്രമേഖലയിലെ മറ്റ് പ്രമുഖർക്കും വേണ്ടിയായിരുന്നു പ്രിവ്യൂഷോ സംഘിടിപ്പിച്ചത്. ക്ലൈമാക്‌സിലെ 30 മിനിറ്റ് നീണ്ടു നിൽക്കുന്ന കടൽയുദ്ധത്തിനാണ് കൂടുതൽ പ്രശംസയെന്നാണ് റിപ്പോർട്ട്. കൂടാതെ സിദ്ധാർത്ഥ് പ്രിയദർശന്റെ വിഎഫ്എക്‌സും എടുത്ത് നിൽക്കുന്നു. ആദ്യ 45 മിനിറ്റ് പ്രണവ് മോഹൻലാലാണ് മരക്കാറായി ചിത്രത്തിൽ നിറഞ്ഞാടുന്നത്. പിന്നീട് കുഞ്ഞാലിയായി മോഹൻലാൽ എത്തുന്നു.
സിനിമാ പ്രേമികൾക്ക് ഒരുത്സവം തന്നെയായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന് ചിത്രം കണ്ടിറങ്ങിയ ശേഷം സിജെ റോയ് പ്രതികരിച്ചു. സഹനിർമ്മാതാക്കളിലൊരാളാണ് ഇദ്ദേഹം. മോഹൻലാൽ, സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, സി.ജെ. റോയ്, സമീർ ഹംസ, വിനീത് ശ്രീനിവാസൻ തുടങ്ങി ഇരുപതോളം പേർ മാത്രമാണ് സ്‌ക്രീനിങ്ങിൽ പങ്കെടുത്തത്. എഡിറ്റിങ് പൂർത്തിയാക്കിയ ചിത്രം മോഹൻലാൽ കാണുന്നതും ആദ്യമായിരുന്നു.
Comments