ചണ്ഡീഗഡ്: രാജ്യാന്തര അതിര്‍ത്തികളില്‍ ബിഎസ്എഫിന്റെ അധികാരപരിധി 15ൽ നിന്നും 50 കിലോമീറ്ററായി ഉയർത്തിയ കേന്ദ്രതീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്തർ സിങ് ആണ് പ്രമേയം അവതരിപ്പിച്ചത്. അധികാരപരിധി നീട്ടാനുള്ള തീരുമാനം സംസ്ഥാന പോലീസിനോടും ഇവിടുത്തെ ജനങ്ങളോടുമുള്ള വിശ്വാസക്കുറവിനെയാണ് കാണിക്കുന്നതെന്ന് രൺധാവയുടെ പ്രമേയത്തിൽ പറയുന്നു. ‘ പഞ്ചാബ് രക്തസാക്ഷികളുടേയും ധീരന്മാരുടേയും നാടാണ്. സ്വാതന്ത്ര്യസമരത്തിലും 1962, 1965, 1971, 1999 തുടങ്ങിയ വർഷങ്ങളിൽ നടന്ന യുദ്ധങ്ങളിലും മാതൃകാപരമായ ത്യാഗങ്ങൾ നടത്തി ധീരതയ്‌ക്കുള്ള പുരസ്‌കാരങ്ങൾ നേടിയവരാണ് പഞ്ചാബികൾ. പഞ്ചാബ് പോലീസും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിൽ പഞ്ചാബ് പോലീസ് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. ഭരണഘടന അനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി പഞ്ചാബ് സർക്കാർ പ്രാപ്തമാണ്. ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടുന്നതിന് മുൻപ് കേന്ദ്രം സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും’ പ്രമേയത്തിൽ പറയുന്നു.
‘ പഞ്ചാബിലെ ജനങ്ങളോടുള്ള അവിശ്വാസമാണ് ഇത് കാണിക്കുന്നത്. ഇവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം. പഞ്ചാബിലെ ക്രമസമാധാന നില പൂർണ്ണമായും നിയന്ത്രണവിധേയമാണ്. ബിഎസ്എഫിന്റെ അധികാരപരിധി നീട്ടിയത് രാഷ്‌ട്രീയ കാരണങ്ങളാലാണ്. പഞ്ചാബിലെ എല്ലാ പാർട്ടികളും ഈ തീരുമാനത്തെ ഏകകണ്ഠമായി അപലപിച്ചിരുന്നു. ഈ നിയമം പിൻവലിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും’ പ്രമേയത്തിൽ പറയുന്നു.
രാജ്യാന്തര അതിർത്തികളോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലാണ് കേന്ദ്രം ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമപ്രകാരം അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ പരിധിക്കുള്ളിൽ തിരച്ചിൽ നടത്തുനോ അറസ്റ്റ് രേഖപ്പെടുത്തുന്നതിനോ ബിഎസ്എഫിന് സംസ്ഥാനത്തിന്റെയോ പോലീസിന്റെയോ അനുമതിയുടെ ആവശ്യമില്ല. പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് അധികാരപരിധി 15ൽ നിന്നും 50ആയി ഉയർത്തിയത്. രാജസ്ഥാനിൽ നിലവിൽ ഇത് 50 കിലോമീറ്ററാണ്. ഗുജറാത്തിൽ ഇത് 80ൽ നിന്ന് 50 ആയി കുറച്ചിട്ടുണ്ട്. മണിപ്പൂർ, മിസോറാം, ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 80 കിലോമീറ്ററാണ്.
Comments