ലക്‌നൗ : പശുക്കളെ മോഷ്ടിച്ച് അനധികൃതമായി കശാപ്പു ചെയ്യുന്ന സംഘത്തെ ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തി യുപി പോലീസ്. ലോണിയിലെ ബെഹ്താ ഹസിപൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏഴംഗ സംഘത്തെയാണ് പിടികൂടിയത്. ഏറ്റുമുട്ടലിൽ കുറ്റവാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശവാസികളായ മുസ്ത്കീം, സൽമാൻ, മോനു, ഇന്തസാർ, നസീം, ആസിഫ്, ബോലെർ, എന്നിവരെയാണ് പോലീസ് പിടികൂടിയത്. എസ്പി പവൻ കുമാറിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു ഇവരെ അതിസാഹസികമായി കീഴ്‌പ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്നും തോക്കും, പശുക്കളെ അറക്കാനുപയോഗിക്കുന്ന കത്തികളും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘം പ്രദേശത്ത് എത്തിയത്. പോലീസുകാരെ കണ്ട പ്രതികൾ വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ ഏഴ് പേരുടെയും കാലിനാണ് വെടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉടനെ ജയിലിലേക്ക് മാറ്റും. അതേസമയം ഇവരുടെ സംഘത്തിലെ രണ്ട് പേർ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടു. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
നിരവധി പശുക്കളെയാണ് പ്രതികൾ രഹസ്യമായി എത്തിച്ച് കശാപ്പ് ചെയ്തിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് പോലീസിനെ അറിയിക്കാതെ ഇരുന്നതെന്നും ഇവർ വ്യക്തമാക്കി. കശാപ്പ് ശാലയിൽ നിന്നും അറക്കാനായി എത്തിച്ച പശുക്കളെയും കിടാങ്ങളെയും പോലീസ് രക്ഷിച്ചു.
Comments