പാലക്കാട് : നെന്മാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ഒലിപ്പാറ നേർച്ചപ്പാറ സ്വദേശി മാണിയാണ് കൊല്ലപ്പെട്ടത്. രാവിലെയോടെയായിരുന്നു സംഭവം.
റബ്ബർ കർഷനാണ് മാണി. രാവിലെ തോട്ടത്തിലെത്തി റബ്ബർ ടാപ്പിംഗ് നടത്തുകയായിരുന്ന മാണിക്ക് നേരെ കാട്ടുപന്നി ഓടി അടുക്കുകയായിരുന്നു. ശേഷം മാരകമായി ആക്രമിച്ചു.
മാണിയുടെ നിലവിളി കേട്ട് മറ്റു തോട്ടത്തിലെ തൊഴിലാളികൾ ഓടിയെത്തിയെങ്കിലും, ശരീരമാസകലം പരിക്കേറ്റിരുന്നു. പരിക്കേറ്റ മാണിയെ ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് വന്യജീവികളുടെ ശല്യം രൂക്ഷമാണ് . ഈ സാഹചര്യത്തിൽ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിച്ച് സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ തോക്ക് ലൈസൻസ് ഉള്ള 2 പേരെ നിയോഗിച്ചു. മരിച്ച മാണിയുടെ ബന്ധുക്കൾക്ക് ധനസഹായം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments