ഇസ്ലാമാബാദ് : പാകിസ്താനിൽ ന്യൂനപക്ഷവേട്ട തുടരുന്നു. 12 കാരിയായ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്തു. ബലൂചിസ്താൻ പ്രവിശ്യയിലെ പഞ്ചാബിലാണ് സംഭവം.
ഷിവാൽ സ്വദേശിനി മരീബ് അബ്ബാസിനെയാണ് 22 കാരനായ മുഹമ്മദ് ദാവൂദ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. രാത്രി മരീബിന്റെ വീട്ടിലെത്തിയ ഇയാൾ ആരും അറിയാതെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് മതം മാറ്റി വിവാഹം ചെയ്തു. പിതാവില്ലാത്ത മരീബ് മാതാവ് ഫർസാനയ്‌ക്കൊപ്പമാണ് താമസം.
സംഭവത്തിൽ മാതാവിന്റെ പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ദാവൂദിനെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ദാവൂദിനെ അറസ്റ്റ് ചെയ്യാനോ, പെൺകുട്ടിയെ മോചിപ്പിക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം.
ഇതിന് മുൻപും നിരവധി സമാന സംഭവങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഭൂരിപക്ഷ സമൂഹത്തെ ഭയന്ന് പ്രദേശത്ത് ജീവിക്കുക അസാദ്ധ്യമാണെന്ന് മാദ്ധ്യമപ്രവർത്തകയായ വിൽസൺ റാസ പ്രതികരിച്ചു. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി കുട്ടിയെ മാതാവിന് തിരികെ ഏൽപ്പിക്കണമെന്നും റാസ ആവശ്യപ്പെട്ടു.
Comments