ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139.05 അടിയായി ഉയർന്നു. അണക്കെട്ടിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനാലാണ് ജലനിരപ്പ് ഉയർന്നത്. നിലവിലെ റൂൾ കർവ് പ്രകാരം 20-ാം തീയതി വരെ അണക്കെട്ടിൽ 141 അടി വെള്ളം വരെ സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിന് മുൻപേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയായിരുന്നു. ഇതേതുടർന്ന് ജലനിരപ്പ് 142 അടിയാക്കുന്നതിനായാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചത്.
മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിന്റെ ജലനിരപ്പ് 69.29 അടിയായി ഉയർന്നിട്ടുണ്ട്. 71 അടിയാണ് പരമാവധി സംഭരണ ശേഷി. അണക്കെട്ടിൽ നിന്നും ഷട്ടറുകൾ വഴി പരമാവധി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മധുരയിലും ജനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റാണിപ്പേട്ട് ജില്ലയിലെ കല്ലാർ നദി, തിരുവള്ളുവർ ജില്ലയിലെ അരണിയാർ നദി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Comments