ലക്‌നൗ: ലൈംഗിക പീഡനക്കേസിൽ സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഗായത്രി പ്രസാദ് പ്രജാപതിയ്‌ക്കും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ലക്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്‌ക്ക് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് മന്ത്രിസഭയിലെ അംഗമായിരുന്നു ഗായത്രി പ്രസാദ് പ്രജാപതി. ഗതാഗത, ഖനന മന്ത്രാലയങ്ങളുടെ ചുമതലയാണ് ഇയാൾ വഹിച്ചിരുന്നത്.
ചിത്രകൂടിലെ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് മന്ത്രിയേയും കൂട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2017ലായിരുന്നു അറസ്റ്റ്. 2014 മുതൽ മന്ത്രിയും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചുവരികയായിരുന്നു. 2016ൽ ഇവരുടെ മകളേയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതി നൽകിയത്.
സ്വന്തം മന്ത്രിസഭയിലെ അംഗമായതുകൊണ്ടുതന്നെ നടപടിയെടുക്കുന്നതിൽ അഖിലേഷ് യാദവ് സർക്കാർ വീഴ്‌ച്ച വരുത്തിയിരുന്നു. തുടർന്ന് പോലീസിനെതിരെ യുവതി സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഗൗതംപള്ളി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. 2017 ഫെബ്രുവരിയിലാണ് മന്ത്രിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
മാർച്ചിലാണ് മന്ത്രിയുൾപ്പെടെയുള്ള സംഘം അറസ്റ്റിലാകുന്നത്. ആശിഷ് ശുക്ല, അശോക് തിവാരി എന്നിവരാണ് ഗായത്രി പ്രസാദ് പ്രജാപതിയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ. ശുക്ല അമേഠിയിൽ മുൻ റവന്യൂ ക്ലാർക്കും തിവാരി കരാറുകാരനുമായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമവും പോക്‌സോ വകുപ്പുകളും മന്ത്രിയ്‌ക്കും കൂട്ടുകാർക്കുമെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
Comments