തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി തെക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി.
ബംഗാൾ ഉൾക്കടലിൽ ആൻഡമാനു സമീപം പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് നവംബർ 15 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നു. ഇതോടൊപ്പം കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചു. അതോടൊപ്പം, അടുത്ത രണ്ടാഴ്ച മധ്യ തെക്കൻ കേരളത്തിൽ,സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താലാണ് കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുള്ളത്.
Comments