ചുരാചന്ദ്പൂർ: മണിപ്പൂരിൽ നടന്ന ഭീകരാക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് മിടുക്കനായ യുവ സൈനിക ഓഫീസറെ. 46 അസം റൈഫിൾസിന്റെ കമാൻഡിംഗ് ഓഫീസറായിരുന്ന കേണൽ വിപ്ലവ് ത്രിപാഠി സേനയിലെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു. ഏറ്റെടുത്ത ദൗത്യങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥൻ. മാസങ്ങളോളം മിസോറമിലെ ഇൻഡോ മ്യാൻമർ അതിർത്തി സംരക്ഷിച്ചത് വിപ്ലവ് ത്രിപാഠിയുടെ നേതൃത്വത്തിലുളള ബറ്റാലിയനായിരുന്നു.
കഴിഞ്ഞ ജൂലൈ വരെ മിസോറമിലായിരുന്നു അദ്ദേഹം. ഇന്തോ-മ്യാൻമർ അതിർത്തിയിലെ കന്നുകാലി കടത്ത് ഉൾപ്പെടെയുളള കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠി സ്വീകരിച്ചത്. രാജ്യവിരുദ്ധ ശക്തികളുടെ കൈകളിൽ എത്തിക്കാനായി അതിർത്തി കടത്തി കൊണ്ടുവന്ന നിരവധി ആയുധങ്ങളും ഇവർ പിടിച്ചെടുത്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു ത്രിപാഠിയുടേത്.
സദാസമയവും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രം പ്രത്യക്ഷപ്പെടാറുളള ത്രിപാഠി സൈന്യവുമായി ബന്ധപ്പെട്ട സേവന പ്രവർത്തനങ്ങളിലും മുൻപിലുണ്ടായിരുന്നു. 2020 നവംബറിൽ മിസോറമിലെ ഐസ്വാളിൽ ഭിന്നശേഷിക്കാരായ സ്കൂൾ കുട്ടികൾക്കായി വീൽചെയറും പഠനോപകരണങ്ങളും കേൾവിക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുമെല്ലാം വിതരണം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴുമുണ്ട്. ഗിലെഡ് സ്കൂളിലെ കുട്ടികൾക്കാണ് ഇവ അന്ന് നൽകിയത്.
മിസോറമിൽ പ്രദേശവാസികളുമായി അടുത്ത ബന്ധം പുലർത്തിയ ത്രിപാഠിയും സംഘവും 2021 ജനുവരിയിൽ ഇവിടെ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പെയ്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ബറ്റാലിയൻ പ്രദേശത്തെ യുവാക്കൾക്കിടയിലേക്കും കുട്ടികൾക്കിടയിലേക്കും കടന്നുചെന്ന് ലഹരിക്കെതിരായ സന്ദേശം നൽകുന്നതായിരുന്നു ക്യാമ്പെയ്ൻ.
മിസോറം അതിർത്തിക്കടുത്ത് മണിപ്പൂരിലെ സെക്കാൻ ഗ്രാമത്തിൽ കമ്യൂണിസ്റ്റ് ഭീകരർ നടത്തിയ ഐഇഡി ആക്രമണത്തിലാണ് വിപ്ലവ് ത്രിപാഠിയും ഭാര്യയും ആറ് വയസുകാരനായ മകനും കൊല്ലപ്പെട്ടത്. നാല് സൈനികരും വീരമൃത്യു വരിച്ചു. ഒരു ഫോർവേഡ് ക്യാമ്പിൽ നിന്ന് അസം റൈഫിൾസിന്റെ ക്വിക്ക് റെസ്പോൺസ് സ്ക്വാഡുമായി ബറ്റാലിയൻ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം ആക്രമണത്തിന് ഇരയായത്.
ഏഴ് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലിപാക് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
Comments