ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരനും പത്മവിഭൂഷൺ ജേതാവുമായ ബാബാസാഹേബ് പുരന്ദരെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെയാണ് പുരന്ദരെ അന്തരിച്ചത്. ഛത്രപതി ശിവജിയുടെ എഴുത്തുകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
‘വാക്കുകൾക്കതീതമായി ഞാൻ വേദനിക്കുന്നു. ശിവഷാഹിർ ബാബാസാഹേബ് പുരന്ദരെയുടെ വിയോഗം ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ലോകത്ത് വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. വരും തലമുറകൾക്ക് ഛത്രപതി ശിവജിയെ കൂടുതൽ അറിയാൻ സാധിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഇതിൽ ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ മറ്റ് കൃതികളും ഓർമ്മിക്കപ്പെടും’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ശിവഷാഹിർ നർമ്മബോധമുള്ളവനും ജ്ഞാനിയും ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് വ്യക്തമായ അറിയിവുള്ളവനുമായിരുന്നു. അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാനുള്ള ഭാഗ്യം ലഭിച്ചതിൽ സന്തുഷ്ടനാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ്, അദ്ദേഹത്തിന്റെ ശതാബ്ദിവർഷ പരിപാടി അഭിസംബോധന ചെയ്യാനുള്ള ബഹുമതിയും ലഭിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2015ൽ മഹാരാഷ്‌ട്രയുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ് നൽകി സംസ്ഥാന സർക്കാർ പുരന്ദരെയെ ആദരിച്ചു. അദ്ദേഹത്തിന് 2019 ജനുവരി 25 ന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. പുരന്ദരെ വളരെ ചെറുപ്രായത്തിൽ തന്നെ ശിവജിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട കഥകൾ എഴുതിത്തുടങ്ങിയിരുന്നു.
Comments