ജയ്പൂർ : പെട്രോൾ, ഡീസൽ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇനിയും നികുതി കുറയ്‌ക്കണമെന്ന ആവശ്യവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്രസർക്കാർ നികുതി കുറച്ചാൽ ആനുപാതികമായി സംസ്ഥാനങ്ങളും നികുതി കുറയ്‌ക്കുമെന്ന് ഗെഹ്‌ലോട്ട് പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ വീണ്ടും കുറയ്‌ക്കണം. അങ്ങിനെ ചെയ്താൽ സംസ്ഥാനങ്ങളും കുറയ്‌ക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില വീണ്ടും വർദ്ധിപ്പിക്കും. അതിനാൽ എക്‌സൈസ് തീരുവ കുറച്ച് ഇനി വില വർദ്ധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകണമെന്നും ഗെഹ്‌ലോട്ട് പ്രതികരിച്ചു.
അതേസമയം പെട്രോളിന് അഞ്ചും, ഡീസലിന് 10 ഉം രൂപ വീതം കേന്ദ്രസർക്കാർ കുറച്ചിട്ടും മൂല്യവർദ്ധിത നികുതി കുറയ്‌ക്കില്ലെന്ന നിലപാടിലാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. നിലവിൽ പെട്രോൾ ലിറ്ററിന് 111 രൂപയും, ഡീസൽ ലിറ്ററിന് 95 രൂപയുമാണ് വില. മൂല്യവർദ്ധിത നികുതി കുറയ്‌ക്കാൻ ആളുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം സർക്കാർ അവഗണിക്കുകയാണ്. ഇതിനിടെയാണ് വാർത്താസമ്മേളനത്തിൽ കേന്ദ്രം വീണ്ടും നികുതി കുറയ്‌ക്കണമെന്ന ആവശ്യവുമായി ഗെഹ്‌ലോട്ട് രംഗത്ത് വന്നിരിക്കുന്നത്.
















Comments