പിസ പൊതിഞ്ഞു നൽകുന്ന ക്യാരി ബാഗിന് ഉപഭോക്താവിൽ നിന്ന് പണം ഈടാക്കി; കമ്പനിയോട് 11,000 രൂപ പിഴ അടച്ചിട്ട് പോവാൻ ഉപഭോക്തൃ ഫോറം

Published by
Janam Web Desk

ഹൈദരാബാദ്: കമ്പനിയുടെ ലോഗോ പതിപ്പിച്ച ക്യാരി ബാഗിന് പണം ഈടാക്കിയ പിസ കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ ഫോറം. ഹൈദരാബാദിലാണ് സംഭവം.

സാധനങ്ങൾ വാങ്ങുമ്പോൾ അത് പൊതിഞ്ഞു നൽകുന്നത് സാധാരണ സംഭവമാണ്.എന്നാൽ കമ്പനിയുടെ പരസ്യം പതിപ്പിച്ച സഞ്ചിക്ക് കമ്പനി തന്നെ പണം ഈടാക്കിയാലോ. നിയമവിരുദ്ധം. കേസായാൽ പിഴ ലഭിക്കും.ഹൈദരാബാദിലും ഇത് തന്നെയാണ് സംഭവിച്ചത്.

വിദ്യാർത്ഥിയായ കെ മുരളി കുമാർ ഹൈദരാബാദിലെ ഒരു പിസ ഔട്ട്‌ലെറ്റിൽ നിന്ന് പിസ വാങ്ങി. എന്നാൽ പിസ പാക്ക് ചെയ്ത് നൽകുന്ന ക്യാരി ബാഗിന് കമ്പനി 7.62 രൂപ ആവശ്യപ്പെട്ടു. കമ്പനിയുടെ പരസ്യം പതിപ്പിച്ച ക്യാരി ബാഗുകൾക്ക് ഉപഭോക്താവിൽ നിന്ന് പണം ഈടാക്കാനാവില്ലെന്നാണ് ചട്ടം. അതിനാൽ ക്യാരി ബാഗിന് പണം നൽകാൻ വിസമ്മതിച്ച വിദ്യാർത്ഥിയെ ഔട്ട്‌ലെറ്റിലുണ്ടായിരുന്ന ജീവനക്കാർ ആക്ഷേപിച്ചു.തുടർന്ന് നിർബന്ധിപ്പിച്ച് പണം ഈടാക്കുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥി നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറം കമ്പനിക്ക് പിഴ ചുമത്തി. ഒന്നും രണ്ടും രൂപയല്ല 11,000 രൂപയാണ് കമ്പനിക്ക് ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ ചുമത്തിയത്. ഉപഭോക്താക്കളെ വഞ്ചിക്കുന്ന എല്ലാ കമ്പനികൾക്കും ഇതൊരു പാഠമായിരിക്കട്ടെയെന്നാണ് പരാതിക്കാരനായ മുരളി പ്രതികരിച്ചത്.

Share
Leave a Comment