ന്യൂയോർക്ക് : ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ ആശങ്കപ്പെടേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പാകിസ്താൻ, ഇറാൻ, ഉത്തര കൊറിയ, മ്യാൻമർ എന്നീ രാജ്യങ്ങളെയാണ് ചൈനയ്‌ക്കൊപ്പം അമേരിക്ക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചൈന, പാകിസ്താൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ കൊടിയ പീഡനങ്ങളാണ് ന്യൂനപക്ഷങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അൾജീരിയ, കൊമോർസ്, ക്യൂബ, നിക്കാരഗ്വ, എന്നീ രാജ്യങ്ങളെ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും അമേരിക്ക ഉൾപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘടനകളെയും സമാനമായ രീതിയിൽ പ്രത്യേകം പട്ടികയിൽ ഉൾപ്പെടുത്തിയതായും ആന്റണി ബ്ലിങ്കൺ അറിയിച്ചു. അൽ ഷബാബാ, ബോക്കോ ഹറാം, ഹയാത് തഹ്രിർ അൽ ഷാം, ഹൂതി, ഇസ്ലാമിക് സ്‌റ്റേറ്റ്, ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രേറ്റർ സഹാറ, ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ജമാഅത്ത് നസർ അൽ ഇസ്ലാം വൽ മുസ്ലിമീൻ, താലിബാൻ എന്നിവയെ പ്രത്യേക കരുതൽ വേണ്ട സംഘടനകളുടെ പട്ടികയിൽ അമേരിക്ക ഉൾപ്പെടുത്തി.
മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിൽ അമേരിക്ക യാതൊരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്ന് ആന്റണി ബ്ലിങ്കൺ പറഞ്ഞു. ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നേരിടുന്നത് ശക്തമായ വെല്ലുവിളിയാണ്. എല്ലാ രാജ്യങ്ങളിലും മത സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുണ്ട്. അതിനാൽ മത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള നിയമ നിർമ്മാണത്തിനായി എല്ലാ രാജ്യങ്ങളിലും അമേരിക്ക സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments