കൊച്ചി : നടൻ ജോജു ജോർജ് നായകനായ പുതിയ ചിത്രം ചുരുളിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ എസ് നുസൂർ ആവശ്യപ്പെട്ടു. ചിത്രത്തിലെ അശ്ലീല പ്രയോഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിനിമ പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രംഗത്ത് വന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു നുസൂറിന്റെ പ്രതികരണം. ചുരുളി സിനിമയിൽ ജോജു തെറിവിളിക്കുന്ന രംഗവും നുസൂർ പ്രതികരണക്കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ദയവുചെയ്ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്. ചിലർ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം.ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. ‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ. സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോയെന്നും നുസൂർ ചോദിച്ചു.
എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ വരുമ്പോൾ സെൻസർബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്.കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോൾ മൊബൈലുകളാണെന്ന് ഓർക്കണമെന്നും നുസൂർ വ്യക്തമാക്കി.
അടുത്തിടെയായി യൂത്ത് കോൺഗ്രസും ജോജുവുമായുള്ള പ്രശ്‌നങ്ങൾ തുടരുകയാണ്. പെട്രോൾ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ദേശീയ പാത ഉപരോധത്തിനെതിരെ പ്രതിഷേധവുമായി ജോജു ജോർജ് എത്തിയിരുന്നു. ഇതിന് ശേഷമാണ് ജോജു ജോർജിനെ ടാർഗറ്റ് ചെയ്ത് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. നേരത്തെ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് അടക്കം യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധമാർച്ചുകൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
















Comments