ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയിൽ. ചെറിയ ഭൂചലനത്തിൽ അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും, അണക്കെട്ട് സുരക്ഷിതമാണെന്നും സുപ്രീംകോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ തമിഴ്‌നാട് അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തണമെന്നും തമിഴ്‌നാട് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
അടുത്ത ആഴ്ച മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാടിന്റെ നിർണായക നീക്കം. പുതുതായി നൽകിയ സത്യവാങ്മൂലത്തിലാണ് അണക്കെട്ടിന് സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നടപടികൾ നീട്ടിക്കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങളാണ് നിലവിൽ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കേസ് പരിഗണിക്കുന്നതിന് മുൻപായി ഇതിനെതിരെ കേരളം എതിർ സത്യവാങ്മൂലം സമർപ്പിക്കാനാണ് സാദ്ധ്യത.
നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷയൊരുക്കാൻ ബേബി ഡാം ബലപ്പെടുത്തണമെന്നും, ഇതിനായി അണക്കെട്ടിന് താഴെയുള്ള മരങ്ങൾ മുറിയ്‌ക്കണമെന്നും കാണിച്ച് തമിഴ്‌നാട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിൽ മറുപടി നൽകാൻ ഒരാഴ്ച സാവകാശം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇതേ തുടർന്നാണ് കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി കേരളം ഉന്നതനീതി പീഠത്തെ കബളിപ്പിക്കുകയാണെന്നാണ് തമിഴ്‌നാടിന്റെ പ്രധാന ആരോപണം. ഇതിനിടയിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ വിള്ളലില്ലെന്ന തമിഴ്‌നാടിന്റെ വിശദീകരണം കേരളത്തെ പ്രതികൂലമായി ബാധിക്കാനാണ് സാദ്ധ്യത.
Comments