ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകരുടെ ക്ഷേമത്തിനും വികാരങ്ങൾക്കും പ്രധാനമന്ത്രി നൽകുന്ന കരുതലാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ഗുരുനാനാക് ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം കർഷകരോട് പ്രധാനമന്ത്രിയ്‌ക്ക് എത്രത്തോളം കരുതലുണ്ടെന്ന് വ്യക്തമാക്കുന്നു. കർഷകരുടെ താത്പര്യവും, വികാരവും കണക്കിലെടുത്താണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അദ്ദേഹം തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആളുകളോട് ഖേദ പ്രകടനം നടത്തിയായിരുന്നു നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. അതിർത്തിയിൽ പ്രതിഷേധം തുടരുന്നവരോട് തിരികെ വീടുകളിലേക്ക് മടങ്ങാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്ത് വന്നത്.
Comments