വിശാഖപട്ടണം : മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മുടിയും മീശയും വടിച്ച് രാഷ്‌ട്രീയ നേതാവ്. ടിഡിപി നേതാവ് കപ്പേര ശ്രീനിവാസുലുവാണ് മുടിയും മീശയും പകുതി വടിച്ചത്. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു അധികാരത്തിൽവരുന്നതുവരെ മുടിയും മീശയും പകുതിവടിച്ച് നടക്കുമെന്ന് ശ്രീനിവാസുലു പറഞ്ഞു.
നെല്ലൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അവസാന നിമിഷംവരെ ശ്രീനിവാസുലു വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഫലം വിപരീതമായിരുന്നു. കോർപ്പറേഷനിലെ ഭൂരിഭാഗം സീറ്റുകളും എതിർ പാർട്ടിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയ്‌ക്ക് ലഭിച്ചു. ഇതിനോടുള്ള പ്രതിഷേധമായാണ് ശ്രീനിവാസുലു മുടിയും മീശയും പകുതി വടിച്ചത്. ഇതിന് ശേഷം ചന്ദ്രബാബു നായിഡുവിനെ വീണ്ടും തെരഞ്ഞെടുക്കണമെന്നും, ജഗൻ മോഹൻ റെഡ്ഡിയെ പുറത്താക്കണമെന്നും എഴുതിയ സ്‌ളേറ്റും ടിഡിപി നേതാവ് കഴുത്തിലിട്ടു. വോട്ടർമാരെ മന്ത്രി അനിൽ കുമാറും അനുയായികളും പണം നൽകി സ്വാധീനിച്ചെന്നും ശ്രീനിവാസുലു ആരോപിച്ചു.
കോർപ്പറേഷനിലെ 54 ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഇതിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡിവിഷനുകൾ ഒഴികെ ബാക്കിയെല്ലാ ഡിവിഷനുകളും ടിഡിപിയ്‌ക്ക് നഷ്ടമായി. എട്ട് ഡിവിഷനുകളിലാണ് ടിഡിപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കി 46 ഡിവിഷനുകളിലും വൈഎസ്ആർസിപി തൂത്തുവാരി.
















Comments