ദീപങ്ങൾ തെളിയിച്ച് തൃക്കാർത്തിക ആഘോഷിച്ച് ഹൈന്ദവ ഭവനങ്ങൾ

Published by
Janam Web Desk

കൊച്ചി: ഐശ്വര്യത്തിന്റെ പ്രതീകമായ വൃശ്ചികമാസത്തിലെ തൃക്കാർത്തികയെ വരവേറ്റ് കേരളത്തിലെ ഹൈന്ദവ വിശ്വാസികൾ. സന്ധ്യയ്‌ക്ക് വീടിന് ചുറ്റും ചെരാതുകളിൽ ദീപം തെളിയിച്ചാണ് വിശ്വാസികൾ തൃക്കാർത്തികയെ എതിരേറ്റത്. വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിൽ നടത്തിവരാറുള്ള പ്രധാന ഹൈന്ദവ ആഘോഷമാണിത്.

വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഒരുപോലെ ഹൈന്ദവ വിശ്വാസികൾ ആഘോഷിക്കുന്ന വിശിഷ്ടദിവസമാണിത്. ദീപാവലി പോലെ കാർത്തിക ദീപവും ദീപങ്ങളുടെ ഉത്സവമായിട്ടാണ് കൊണ്ടാടുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും തൃക്കാർത്തികയോട് അനുബന്ധിച്ച് പ്രത്യേക പൂജകൾ നടന്നിരുന്നു. വൈകിട്ട് ഭക്തർ ഒത്തുകൂടി പല ക്ഷേത്രങ്ങളിലും കാർത്തിക വിളക്കുകൾ തെളിച്ചു.

ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായാണ് തൃക്കാർത്തിക കണക്കാക്കുന്നത്. മൺചെരാതുകളിൽ ദീപം തെളിയിച്ച് ദേവിയെ സ്തുതിച്ച് ഈ ദിനം നാടെങ്ങും ആഘോഷിക്കുന്നു. തമിഴ്‌നാട്ടിൽ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു.

കാർത്തിക മാസത്തിലെ പൗർണ്ണമി ദിവസം കാർത്തിക നക്ഷത്രം നിലനിൽക്കുന്ന സമയത്ത് പൗർണമി ദിനത്തിലാണ് തൃക്കാർത്തിക ആചരിക്കുന്നത്.

Share
Leave a Comment