ജയ്പൂർ:രാജസ്ഥാൻ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ പൈലറ്റ്. താൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡും സംസ്ഥാന സർക്കാരും ശ്രദ്ധ പതിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. സച്ചിൻ ക്യാമ്പിലെ അഞ്ച് പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികരണം.
എംഎൽഎമാരായ ഹേമാറാം ചൗധരി വിശ്വേന്ദ്ര സിംഗ്, മുരാരി ലാൽ മീണ, രമേശ് മീണ, ബ്രിജേന്ദ്ര ഓല തുടങ്ങിയവർക്കാണ് സച്ചിൻ ക്യാമ്പിൽ നിന്ന് മന്ത്രിസ്ഥാനം ലഭിക്കുക. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റുമായുളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുളള ഒത്തുതീർപ്പ് ഫോർമുലയായിട്ടാണ് മന്ത്രിസഭാ പുനസംഘടന കോൺഗ്രസ് നടപ്പാക്കിയത്.
ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭയിലേക്ക് പുതിയ നേതാക്കളെ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനിച്ചതെന്നും പാർട്ടി തീരുമാനം സംസ്ഥാനത്തിന് പോസിറ്റീവ് സന്ദേശമാണ് നൽകുന്നതെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. നാല് ജൂനിയർ മന്ത്രിമാരടക്കം 15 പേരാണ് രാജസ്ഥാൻ മന്ത്രിസഭയിൽ ഉൾപ്പെടുക. ഇന്നലെയാണ് പുനസംഘടനയ്‌ക്കായി പഴയ മന്ത്രിസഭ രാജി സമർപ്പിച്ചത്.
Comments