ലക്‌നൗ : പബ്ജികളിച്ച് റെയിൽപാളത്തിലൂടെ നടക്കുകയായിരുന്ന കുട്ടികൾ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളായ ഗൗരവ് കുമാർ (14), കപിൽ കുമാർ (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മധുരയിലായിരുന്നു സംഭവം.
രാവിലെയാണ് പ്രദേശവാസികൾ ലക്ഷ്മി നഗറിന് സമീപം മധുര-കസ്ഗഞ്ച് പാതയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് കുട്ടികൾ പബ്ജികളിച്ചിരുന്നതായി വ്യക്തമായത്. പബ്ജികളിച്ച് റെയിൽ പാളത്തിലൂടെ നടക്കുന്നതിടെ അതുവഴി വന്ന ചരക്കു തീവണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ഫോൺ പൂർണമായും തകർന്നു.
കൊല്ലപ്പെട്ട ഗൗരവും, കപിലും അയൽക്കാരാണ്. ഇരുവരും ദിവസവും രാവിലെ നടക്കാൻ പോകാറുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം അറിഞ്ഞത്. ഇരുവരും പബ്ജികളിക്കുമെന്നകാര്യം അറിയില്ലായിരുന്നുവെന്നും വീട്ടുകാർ വ്യക്തമാക്കി.
Comments