മിന്നൽപിണർ പോലെ മിഴിയടച്ച് തുറക്കും; പടവും പതിയും – ക്യാമറയുടെ ചരിത്രം Video

Published by
Janam Web Desk

ലോകത്തു നടന്ന കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മികച്ചതും, വിപ്ലവകരമെന്നും വിശേഷിപ്പിക്കാവുന്ന ഒന്നാണ് ക്യാമറയുടേത്. ക്യാമറയുടെ കണ്ടുപിടിത്തം ജീവിത്തിലെ അമൂല്യ സുന്ദര നിമിഷങ്ങൾ പകർത്തി സൂക്ഷിക്കാനും എക്കാലവും ഓർമ്മിക്കാനും നമുക്ക് അവസരമൊരുക്കി.. പണ്ട് ഇരു കൈകളിലുമായി നിറഞ്ഞു നിന്ന ക്യാമറ മൊബൈൽ ഫോണുകളിലേക്ക് ചുരുങ്ങിയതോടെ നമ്മുടെ ജീവിതത്തിലെ അഭിവാജ്യഘടകമായി മാറി…. 200 വർഷങ്ങൾക്ക് മുൻപ് രൂപം കൊണ്ട് നമുക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയ ക്യാമറയുടെ കണ്ടുപിടിത്തവും വിശേഷങ്ങളുമാണ് വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

നിരവധി പരിണാമങ്ങൾക്ക് ശേഷമാണ് ഇന്ന് കാണുന്ന ക്യാമറകൾ രൂപം കൊണ്ടത്. ക്യാമറ ഒബ്സ്‌കുറയ എന്ന ഉപകരണമായിരുന്നു ഇന്നത്തെ ക്യാമറയുടെ കണ്ടുപിടിത്തത്തിന് അടിസ്ഥാനമിട്ടത്. പ്രമുഖ ഗ്രീക്ക് തത്വ ചിന്തകനായിരുന്ന അരിസ്റ്റോട്ടിൽ ക്യാറയുടെ യഥാർത്ഥ മുൻഗാമിയായ ക്യാമറ ഒബ്സ്‌കുറ എന്ന ഉപകരണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. നാല്, അഞ്ച് നൂറ്റാണ്ടുകളിലായി ചൈനയിലെയും,ഗ്രീസിലെയും തത്വ ചിന്തകർ ക്യാമറയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ഒരു ഇരുട്ടുമുറിയിലേക്ക് ചെറിയൊരു ദ്വാരത്തിലൂടെ കടത്തിവിടുകയാണെങ്കിൽ പുറത്തെ ചിത്രത്തിന്റെ തലകീഴായ രൂപം എതിർഭാഗത്തുള്ള ചുമരിൽ പതിയുമെന്ന തത്വത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഉപകരണമാണ് ക്യാമറ ഒബ്സ്‌കുറ. ഇതേ തത്വമാണ് ഇന്ന് നാം ഉപയോഗിക്കുന്ന ക്യാമറകളുടേയും. ആദ്യകാലങ്ങളിൽ ചിത്രകാരനാരായിരുന്നു ക്യാമറ ഒബ്സ്‌കുറ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഏകദേശം 18ാം നൂറ്റാണ്ടുവരെ ഇത് തുടർന്നു. പ്രകൃതിയുടെ മനോഹാരിത പകർത്തുന്നതിനായിരുന്നു ഇവ പ്രധാനമായും ചിത്രകാരൻമാർ ഉപയോഗിച്ചിരുന്നത്.

1822 ൽ ഫ്രഞ്ച് സൈനികനായിരുന്ന ജോസെഫ് നൈസ്ഫോർ നീപ്സെ ആണ് ആധുനിക ആധുനിക ഫോട്ടോഗ്രാഫിക് ക്യാമറയുടെ ചരിത്രത്തിന് തുടക്കമിട്ടത്. ക്യാമറ ഒബ്സ്‌കുറ ഉപയോഗിച്ച് ആദ്യത്തെ ഫോട്ടോഗ്രാഫിക് ചിത്രമെടുത്തതോടെയായിരുന്നു ഇത്. 1813 ൽ ഫ്രാൻസിൽ ലിത്തോഗ്രാഫിക്ക് പ്രചാരം കിട്ടിയതായിരുന്നു നീപ്സെയെ ക്യാമറയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. സൈന്യത്തിൽ നിന്നും വിരമിച്ച നീപ്സെ പിന്നീട് പ്രിന്റിംഗ് രംഗത്തേക്ക് തിരിഞ്ഞു. ലിത്തോഗ്രഫിക്ക് അന്നുണ്ടായിരുന്ന പ്രചാരം തന്നെയായിരുന്നു അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്. എന്നാൽ ചിത്രം വരയ്‌ക്കാൻ അറിയാത്ത അദ്ദേഹത്തിന് ആ മേഖല ഒരു വെല്ലുവിളിയായിരുന്നു. ഇതിന് പുറമേ ലിത്തോഗ്രാഫിക്ക് ഉപയോഗിക്കാൻ പാകത്തിലുള്ള നല്ല കല്ലുകൾ അദ്ദേഹത്തിന് ലഭ്യമല്ലായിരുന്നു. ഇതെല്ലാം പുതിയ കാര്യക്ഷമമായ ഒരു ഉപകരണത്തിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഇതാണ് അദ്ദേഹത്തെ ക്യാമറയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.

അങ്ങിനെ ക്യാമറ ഒബ്സ്‌കുറയുടെ തത്വം പ്രയോജനപ്പെടുത്തി അദ്ദേഹം 1816 ൽ ഹീലിയോഗ്രാഫ് എന്ന ഉപകരണം ഉണ്ടാക്കി. ഒരു സിൽവർക്ലോറൈഡ് രാസമിശ്രിതം ചേർത്ത പേപ്പറിലേക്ക് പ്രതിബിംബത്തെ പകർത്തി ചിത്രം എടുക്കുന്ന ഉപകരണമായിരുന്നു ഹീലിയോഗ്രാഫ്. ഇത് ഉപയോഗിച്ച് അദ്ദേഹം തന്റെ മുറിയിൽ നിന്നും പുറത്തുള്ള ദൃശ്യം പകർത്തി. എന്നാൽ ഈ ശ്രമം ഭാഗീകമായായിരു്ന്നു വിജയിച്ചത്. എന്നാൽ അദ്ദേഹം തന്റെ പരീക്ഷണം വീണ്ടും തുടർന്നു. ആറ് വർഷങ്ങൾക്ക് ശേഷം 1822 ൽ അദ്ദേഹം ഹീലിയോഗ്രാഫ് ഉപയോഗിച്ച് ആദ്യത്തെ ഫോട്ടോഗ്രാഫി ചിത്രം എടുത്തു.

1827 – ഇംഗ്ലണ്ട് സന്ദർശിച്ച അദ്ദേഹം റോയൽ സൊസൈറ്റി മുൻപാകെ ത്ന്റെ ഹീലിയോഗ്രാഫിനെക്കുറിച്ച് വിശദീകരിച്ചു. എന്നാൽ സൊസൈറ്റി ഇതിന് കാര്യമായ പരിഗണന നൽകിയില്ല. ഹീലിയോഗ്രാഫിന്റെ രഹസ്യങ്ങൾ അവർക്കുമുൻപിൽ വെളിപ്പെടുത്താത്തതായിരുന്നു ഇതിന് കാരണം. തന്റെ ഹീലിയോഗ്രാഫ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങൾ നീപ്സെ വീ്ണ്ടും തുടർന്നു. നീപെസെയുടെ ഹീലിയോഗ്രാഫിൽ ചിത്രം എക്സ്പോസ് ചെയ്യാൻ ചുരുങ്ങിയത് എട്ട് മണിക്കുറെങ്കിലും സമയം വേണമായിരുന്നു. പ്രധാനമായും ഇത് മറികടക്കുന്നതിനുള്ള പരീക്ഷണങ്ങളിലായിരുന്നു അദ്ദേഹം ഏർപ്പെട്ടിരുന്നത്. എന്നാൽ ഇതിന് കഴിഞ്ഞില്ല.

പിന്നീട് അദ്ദേഹം താൻ കണ്ടുപിടിച്ച ഉപകരണത്തിന്റെ രഹസ്യം ഫ്രഞ്ച് ചിത്രകാരനായ ലൂയിസ് ജാക്വിസ് മാൻഡെ ഡഗീരിയ്‌ക്ക് കൈമാറി. മാൻഡെയ്‌ക്ക് ആണ് ഫോട്ടോഗ്രാഫിയുടെ പ്രായോഗിക പ്രക്രിയ കണ്ടുപിടിച്ചത്. നിരന്തര പരീക്ഷണങ്ങളിലൂടെ ഡഗീരി ഹീലിയോഗ്രാഫിൽ ചിത്രം എക്സ്പോസ് ചെയ്യുന്നതിന് എടുക്കുന്ന സമയം 20 മിനിറ്റാക്കി കുറച്ചു. 1837ൽ അദ്ദേഹം കണ്ടുപിടിച്ച ഈ പുതിയ ഉപകരണത്തെ ഡഗീരിയോടൈപ്പ് എന്നാണ് വിളിച്ചിരുന്നത്.

നിരന്തരമായ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് ഇന്ന് കാണുന്ന ഡിജിറ്റൽ ക്യാമറകൾ രൂപം കൊണ്ടത്. ഇതിനിടെ ലെൻസിന്റെയും ഫിലിമിന്റെയും കണ്ടുപിടിത്തവും ഉണ്ടായി. സാങ്കേതിക വിദ്യയുടെ വികാസം ക്യാമറകളെ നമ്മുടെ മൊബൈൽ ഫോണുകളിൽ ഒതുക്കി. എന്നാൽ ഇത് ക്യാമറയുടെ പ്രചാരത്തിന് കോട്ടം സംഭവിച്ചിട്ടില്ല എന്ന് വേണം പറയാൻ. ഇന്നും ജീവിതത്തിലെ സുരന്ദ മുഹൂർത്തങ്ങൾ പകർത്താൻ നാം ഉപയോഗിക്കുന്നത് ക്യാമറകളാണ്.

Share
Leave a Comment