ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്ത്രപ്രധാന നീക്കങ്ങളുമായി ഇന്ത്യ. രാജ്യത്തെ കരുതൽ ശേഖരം ഇന്ത്യ പുറത്തെടുക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ജാപ്പനീസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ നടത്തിയതായാണ് വിവരം. എണ്ണ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾ കൃത്രിമമായി ക്ഷാമം ഉണ്ടാക്കി, ഇവയുടെ ആവശ്യകത ഉയർത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ട് വന്നിരുന്നു. കരുതൽ ശേഖരം അടിയന്തരമായി പുറത്തെടുക്കണമെന്ന് അമേരിക്കയുടെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങൾ അനുകൂല നിലപാട് എടുത്തതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈറ്റ് ഹൗസിൽ നിന്ന് ഇന്ന് തന്നെ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളോടാണ് കരുതൽ ശേഖരം പുറത്തെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടത്. ഇത് നടപ്പാക്കാനുള്ള അന്തിമഘട്ടത്തിലാണ് ചൈന എന്നാണ് വിവരം. ഈ മാസം ആദ്യം എണ്ണ വിതരണം വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഒപെക് പ്ലസ് രാജ്യങ്ങൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കരുതൽ ശേഖരം പുറത്തെടുക്കാനുള്ള നടപടികൾ അമേരിക്ക തുടങ്ങിയത്. എന്നാൽ ഇത്തരത്തിൽ തുറന്ന് നൽകുന്ന എണ്ണയുടെ അളവ് വലുതായിരിക്കില്ല. ഒപെക് രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിൽ മാത്രമാകും ഇത് നടപ്പാക്കുന്നത്. വിതരണ തടസ്സങ്ങൾ മറികടക്കുന്നതിനാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കരുതൽ ശേഖരം ഉണ്ടാക്കിയിരിക്കുന്നത്. എണ്ണവിപണിയിൽ യുഎസിന്റെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്താൻ പോവുകയാണെന്ന വാർത്തകൾ പുറത്ത് വന്നതോടെ എണ്ണ വിലയിൽ നേരിയ കുറവ് വന്നിട്ടുണ്ട്.
Comments