കൊച്ചി : ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ പോലീസിന്റേതാണ് നടപടി.
സംഭവ ശേഷം ഭർത്താവ് സുഹൈലും, ഇയാളുടെ ബന്ധുക്കളും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും മൊഫിയയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ആത്മഹത്യാകുറിപ്പിൽ ഉള്ളത്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനുമുൾപ്പെടെ കേസ് എടുത്തേക്കും. മൊഫിയയെ സുഹൈലും ബന്ധുക്കളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ രക്ഷിതാക്കളും വ്യക്തമാക്കുന്നുണ്ട്. ഭർതൃവീട്ടുകാർ ഉപദ്രവിക്കുന്നതായികാട്ടി മൊഫിയ ദേശീയ വനിതാ കമ്മീഷനുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ നടപടിയുണ്ടാകും.
ഇന്ന് രാവിലെയോടെയാണ് മൊഫിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം ആലുവ പോലീസ് സ്‌റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ. മൊഫിയയ്‌ക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് കടുത്ത അധിക്ഷേപം നേരിടേണ്ടി വന്നതായി പരാതി ഉയർന്നിരുന്നു
Comments