പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ. വാഹനം പൊള്ളാച്ചിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയതായും സൂചനയുണ്ട്.
മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് വാഹനം പൊള്ളാച്ചിയിലേക്ക് കടത്തിയത്. കൊല്ലങ്കോട്- മുതലമട വഴിയാണ് വാഹനം സംസ്ഥാനം കടത്തിയത്. പൊള്ളാച്ചിയിൽ എത്തിച്ച ശേഷം ഇത് പൊളിക്കുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിന് വേണ്ടിയാണ് വാഹനം പൊളിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് വാഹനം ജില്ലയിൽ നിന്നും അതിർത്തി കടത്തിയതെന്ന കണ്ടെത്തൽ പോലീസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന തരത്തിൽ പോലീസിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. വാഹന പരിശോധന കാര്യക്ഷമമാക്കാത്തത് പ്രതികൾ ജില്ലവിടുന്നതിന് വഴിയൊരുക്കിയെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. അന്വേഷണം നടക്കുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് വാഹനം അതിർത്തി കടത്തിയെന്നത് ഈ വിമർശനങ്ങൾ ശരിവയ്‌ക്കുന്നതാണ്
















Comments