ടാറ്റാ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ എന്ന രത്തൻ ടാറ്റ. 1991 ൽ ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് വളർച്ചയിലേക്ക് വീണ്ടും കുതിച്ചു തുടങ്ങി. ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയും നാനോയും ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയത്. നാനോക്കാകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന ഖ്യാതിയുമുണ്ട്. വിദേശ വാഹന കമ്പനികളടക്കം ഏറ്റെടുത്ത് ടാറ്റയുടെ അശ്വമേധം ജൈത്രയാത്ര തുടരുകയാണ്. രത്തൻ ടാറ്റയുടെ നായകത്വത്തിന് കീഴിയിൽ കമ്പനിയുടെ വ്യാവസായിക സാമ്രാജ്യം ആഗോള തലത്തിൽ തന്നെ പുതിയ മേഖലകളിലേയ്ക്ക് കടന്നുചെല്ലുകയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആഡംബര സ്പോർട്ട്സ് കാർ നിർമ്മാതാക്കളാ ജ്വാഗർ ലാൻഡ് റോവറിനെ എന്തുകൊണ്ട് ഏറ്റെടുത്തു എന്നത് എല്ലാവരിലും സംശയം ഉയർത്തിയ ചോദ്യം ആണ്. ആഡംബര കാർ നിർമ്മാണത്തിൽ തീരെ മുൻപരിചയം ഇല്ലാതിരുന്നിട്ടും രത്തൻ ടാറ്റ ഒരു വലിയ സാഹസത്തിന് മുതിർന്നതിന് പിന്നിൽ രഹസ്യം പിന്നീടാണ് വെളിപ്പെട്ടത്. അതൊരു മധുര പ്രതികാരത്തിന്റെ ഫലപ്രാപ്തിയായിരുന്നു.
1998 -1999 കാലഘട്ടത്തിൽ ഇൻഡിക്ക മോഡലുകൾ ഇറക്കിക്കൊണ്ട് പാസഞ്ചർ കാർ വിപണിയിലേക്ക് ടാറ്റ ശ്രദ്ധേയമായ ചുവടുവെയ്പ്പ് നടത്തുകയുണ്ടായി. എന്നാൽ നിർഭാഗ്യവശാൽ ആദ്യ വരവിൽ ഇൻഡിക്ക പൂർണ്ണ പരാജയമാകുകയാണ് ചെയ്തത്. മാരുതി, ഹ്യുണ്ടായ് തുടങ്ങിയ ശക്തരായ എതിരാളികളെയായിരുന്നു പുതുമുഖമായിരുന്ന ടാറ്റാ ഇൻഡിക്കയ്ക്ക് വിപണിയിൽ നേരിടേണ്ടി വന്നത്. അതുകൊണ്ടു തന്നെ ആദ്യ ശ്രമത്തിൽ പരാജയത്തിന്റെ കയ്പ്പ് നീർകുടിച്ചു. സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാൽ, കാർ നിർമ്മാണ വിഭാഗം ഏതെങ്കിലും കമ്പനിയ്ക്ക് വിൽക്കുവാൻ രത്തൻ ടാറ്റയോട് അടുത്ത സുഹൃത്തുക്കളും ബിസ്സിനസ്സ് നിരീക്ഷകരും ഉപദേശിച്ചു. അങ്ങിനെ വിൽപനയ്ക്കായി പ്രമുഖ കാർ നിർമ്മാതാക്കളായ ഫോർഡിനു ടാറ്റ പ്രൊപ്പോസൽ അയച്ചു. കമ്പനി വാങ്ങുന്നതിന് ഫോർഡ് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി രത്തൻ ടാറ്റയും സംഘവും ഫോർഡ് കമ്പനിയുടെ ആസ്ഥാനവും അമേരിക്കയുടെ ഓട്ടോമൊബൈൽ തലസ്ഥാനം എന്ന് അറിയപ്പെടുന്നതുമായ ഡിട്രോയിറ്റിലേക്ക് യാത്ര തിരിച്ചു.
അവിടെ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഫോർഡ് അംഗങ്ങൾ ടാറ്റയെ പരിഹസിച്ചു. രത്തൻ ടാറ്റായുടെ മുഖത്തു നോക്കി അറിയാത്ത പണിയ്ക്ക് എന്തിനാണ് പോയതെന്നും, ഫോർഡിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രമാണ് തങ്ങളിത് വാങ്ങുവാൻ തീരുമാനിച്ചതെന്നും ഫോർഡിന്റെ തലവനായ ബിൽ ഫോർഡ് പറയുകയുണ്ടായി. അപമാനിതനായ രത്തൻ ടാറ്റ ആ കരാറിൽ നിന്നും പിന്മാറി. മടക്കയാത്രയിലും രത്തൻ ടാറ്റയെ ഈ കയ്പേറിയ അനുഭവം കുത്തിനോവിച്ചു കൊണ്ടിരുന്നു.
തിരികെ ഇന്ത്യയിൽ എത്തിയ രത്തൻ ടാറ്റ ഒന്നും ആർക്കും കൈമാറില്ലെന്നു തീരുമാനിച്ചു. അങ്ങനെ കഠിനമായ തിരിച്ചടികൾക്കിടയിലും പാസഞ്ചർ കാർ വിപണിയിൽ ടാറ്റ കുതിച്ചു കയറുവാൻ തുടങ്ങി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഫോർഡ് കമ്പനിയെ കാത്തിരുന്നത് തകർച്ചയുടെ നാളുകളായിരുന്നു. കടക്കെണിയിലായ ഫോർഡ് കമ്പനിയ്ക്ക് സഹായ ഹസ്തവുമായി 2008 ൽ സാക്ഷാൽ രത്തൻ ടാറ്റയാണ് വന്നത്. ഫോർഡിന്റെ ആഡംബര ബ്രാൻഡായ ജാഗ്വാർ-ലാൻഡ് റോവറിനെ വാങ്ങുവാൻ ടാറ്റ സമ്മതിച്ചു.
കാലം തിരിച്ചു കറങ്ങുന്ന സമയമായിരുന്നു അന്ന്. ഫോർഡ് ചെയർമാൻ ബിൽ ഫോർഡും കൂട്ടരും ഇന്ത്യയിലെ ടാറ്റായുടെ ആസ്ഥാനമായ ബോംബെ ഹൗസിൽ എത്തി കരാറിൽ ഒപ്പുവെച്ചു. മുൻപ് ഇതുപോലെ ഒരു യാത്ര രത്തൻ ടാറ്റയും സംഘവും പോയിരുന്നു. പക്ഷേ അന്ന് ഫോർഡ് മേധാവി ചെയ്തതുപോലെ മോശമായി പെരുമാറി പകവീട്ടാൻ ടാറ്റ നിന്നില്ല. അങ്ങനെ നഷ്ടത്തിലോടിയിരുന്ന ഫോർഡിന്റെ ജാഗ്വാർ ലാൻഡ്റോവർ വിഭാഗത്തെ 9300 കോടി ഇന്ത്യൻ രൂപയ്ക്ക് ടാറ്റ കരസ്ഥമാക്കി. ജാഗ്വാർ -ലാൻഡ് റോവറിനെ ഏറ്റെടുത്ത ടാറ്റയോട് ഫോർഡ് എന്നും കടപ്പെട്ടിരിക്കുമെന്നായിരുന്നു ചർച്ചയിൽ ബിൽ ഫോർഡ് രത്തൻ ടാറ്റയോട് പറഞ്ഞത്.
വാങ്ങി കുറച്ചു നാളുകൾക്കുള്ളിൽ ജാഗ്വാർ ലാൻഡ്റോവർ ടാറ്റാ മോട്ടോഴ്സിന്റെ കീഴിൽ വിജയക്കൊടി പാറിച്ചു. കമ്പനി ഏറ്റെടുക്കാൻ ടാറ്റ കൊടുത്തതിനേക്കാൾ കൂടുതൽ പണം കമ്പനി ലാഭമായി മാത്രം ഉണ്ടാക്കുന്നുമുണ്ട്. ഇതാണ് കാലം കാത്തുവെച്ച മധുരമായ ഒരു പ്രതികാരം.
കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുന്നുണ്ട് അല്ലേ? പക്ഷേ, രത്തൻ ടാറ്റായുടെ ഈ മധുരപ്രതികാരം നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്. ജീവിതത്തിൽ താഴ്ചകൾ എല്ലാവര്ക്കും സംഭവിക്കാം. പക്ഷേ അതിൽ തളരാതെ പ്രയത്നിച്ചാൽ വിജയം സുനിശ്ചിതമെന്ന് രത്തൻ ടാറ്റയുടെ ജീവിതം നമ്മുക്ക് കാണിച്ചു തരുന്നു.
Comments