കാൻബെറ: സ്വർണ്ണമാണെന്ന് കരുതി വർഷങ്ങളോളം കാലം യുവാവ് അമൂല്യമായി സൂക്ഷിച്ചത് ഉൽക്കാശില. ഓസ്ട്രേലിയക്കാരനായ ഡേവിഡ് ഹോളാണ് ഉൽക്കാശില സ്വർണ്ണമാണെന്ന് കരുതി ആറ് വർഷം സൂക്ഷിച്ചത്. ഓസ്ട്രേലിയയിലെ ഗോൾഡ് ഫീൽഡ് മേഖലയിലെ മേരിബറോയിൽ നിന്നാണ് സ്വർണ്ണപ്പാറയെന്ന് തോന്നിപ്പിക്കുന്ന ഉൽക്കാശില ഡേവിഡിന് ലഭിക്കുന്നത്.
സ്വർണ്ണം അടങ്ങിയതാണെന്ന് കരുതിയാണ് നഗറ്റ് രൂപത്തിലുള്ള പാറ ഡേവിഡ് സൂക്ഷിച്ചത്. ഈ പാറ പൊട്ടിക്കാൻ പല തവണ ഡേവിഡ് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അങ്ങനെയാണ് താൻ കണ്ടെത്തിയത് മറ്റെന്തോ പ്രത്യേക ശിലയാണെന്നും സ്വർണ്ണത്തെക്കാൾ വിലയേറിയതാണ് അതെന്നും ഡേവിഡ് മനസിലാക്കിയത്.
തുടർന്ന് പാറക്കഷണം മെൽബൺ മ്യൂസിയത്തിൽ എത്തിയ്ക്കുകയും അവിടെ നടത്തിയ പരിശോധനയിൽ ഡേവിഡിന് ലഭിച്ചത് ഉൽക്കാ ശിലയാണെന്ന് കണ്ടെത്തുകയുമായിരുന്നു. റോയൽ സൊസൈറ്റി ഓഫ് വിക്ടോറിയൻ 2019 ലെ പ്രൊസീഡിംഗ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഈ പാറ 4.6 ബില്യൺ വർഷം പഴക്കമുള്ള ഉൽക്കാശിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മെൽബൺ മ്യൂസിയം ജിയോളജിസ്റ്റ് ഡെർമോട്ട് ഹെൻറി 2019 ൽ പാറയെക്കുറിച്ച് പഠനം നടത്തിയിരുന്നു.
ഡയമണ്ട് സോ ബ്ലെയ്ഡ് ഉപയോഗിച്ച് പാറ മുറിച്ച് പരിശോധന നടത്തുകയും ചെയ്തു. 100 മുതൽ ആയിരം വർഷം വരെ പഴക്കമുള്ളതാണ് ഈ ഉൽക്കാശിലയെന്നും പരിശോധനയിൽ കണ്ടെത്തി. പാറ തുറന്നതിനുശേഷം, അതിൽ ഉടനീളം ലോഹ ധാതുക്കളുടെ ചെറിയ ക്രിസ്റ്റലൈസ്ഡ് തുള്ളികൾ, കോണ്ട്റൂൾസ് എന്നിവ ദൃശ്യമായതായി ഗവേഷകർ പറഞ്ഞു.
Comments