പത്തനംതിട്ട : തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോൻ ഡിവൈഎഫ്‌ഐ പ്രവർത്തൻ നാസർ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനുമുൾപ്പെടെ 10 പേരെ പോലീസ് കേസിൽ പ്രതിചേർത്തു.
ഒരു വർഷം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം കാറിൽവെച്ചായിരുന്നു പീഡനം. തുടർന്ന് പ്രതികൾ ഫോണിൽ നഗ്നചിത്രങ്ങൾ പകർത്തി. സംഭവ ശേഷം പ്രതികൾ പാർട്ടിപ്രവർത്തകയായ വീട്ടമ്മയെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ രണ്ട് ലക്ഷം രൂപ നൽകണമെന്നായിരുന്നു ഭീഷണി. എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെ ഇവർ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. ഇതേ തുടർന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയത്.
പരാതിയിൽ പ്രതികളുടെ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. സിപിഎം നേതാവ് സജിമോൻ നേരത്തെയും പീഡന കേസിൽ പ്രതിയാണ്. ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഡിഎൻഎ ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നത്. ഇതിന് ശേഷം ഇയാളെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴിത്തിയിരുന്നു.
Comments