തിരുവനന്തപുരം : ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസ്സുകാരിയെ പറഞ്ഞയച്ച് പോലീസിന്റെ ക്രൂരത. തിരുവനന്തപുരം മലയിൻകീഴിലാണ് സംഭവം. മുംബൈ സ്വദേശിനിയായ കുട്ടിയുടെ മാതാവാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
ജൂലൈ 15 നായിരുന്നു അമ്പലത്തിൽവെച്ച് യുവതിയും ഇയാളുമായുള്ള വിവാഹം. പിന്നീട് രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂലൈ 17 ന് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം യുവതി മനസ്സിലാക്കിയതോടെ പ്രതി മൊബൈൽ ഉൾപ്പെടെ പിടിച്ചു വയ്ക്കുകയും കുട്ടിയെയും യുവതിയെയും വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയൽക്കാരോട് വിവരം പറയാൻ ശ്രമിച്ചപ്പോൾ കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി.
ഇതിനിടെ ഒക്ടോബറിൽ യുവതിയ്ക്കെതിരെ ഇയാൾ പോലീസിൽ പരാതി നൽകി. തന്റെ സ്വർണാഭരണങ്ങൾ യുവതി മോഷ്ടിച്ചുവെന്നും തന്റെ 16 കാരനായ മകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. ഇത് അന്വേഷിക്കാൻ പോലീസ് എത്തിയതോടെയാണ് യുവതി പീഡന വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.
അന്നേ ദിവസം ഇരുവരെയും അതേ വീട്ടിൽ നിർത്തി പോലീസുകാർ തിരിച്ചു പോയി. പിന്നീട് സെപ്തംബർ ഒന്നിന് രണ്ടും കൽപ്പിച്ച് യുവതി കുട്ടിയുമായി പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാകുകയായിരുന്നു. തുടർന്ന് മജിസ്ട്രേറ്റിന് മുൻപിൽ പെൺകുട്ടി മൊഴിയും നൽകി.
എന്നാൽ ചട്ടപ്രകാരം കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ട പോലീസ് ഇരുവരെയും രാത്രി വ്യോമസേന ഉദ്യോഗസ്ഥന്റെ വീട്ടിൽ തന്നെ തിരിച്ചെത്തിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പോലീസ് ഇയാളെ അറസ്്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു. ചില ഫോർമാലിറ്റീസ് ഉണ്ടെന്നും അതിനാൽ ഇപ്പോൾ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു പോലീസ് യുവതിയോട് പറഞ്ഞത്. അതേസമയം യുവതി പറഞ്ഞിട്ടാണ് ഇയാളുടെ വീട്ടിൽ എത്തിച്ചതെന്നാണ് പോലീസിന്റെ വാദം.
ഇതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച ഇയാളെ യുവതി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 47 ദിവസത്തിന് ശേഷം ജയിൽമോചിതയായതോടെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.
















Comments