കൊച്ചി : സിനിമാ നിർമ്മാണ കമ്പനികളിൽ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. പ്രിഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ പ്രൊഡക്ഷൻ ഹൗസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ തിരിമറി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനാൽ മൂന്ന് നിർമ്മാതാക്കളോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു.
ആദായനികുതി വകുപ്പിലെ ടിഡിഎസ് വിഭാഗമാണ് സിനിമാ നിർമ്മാതാക്കളെയും നിർമ്മാണ കമ്പനികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ടിഡിഎസ് തിരിമറിയുണ്ടായെന്ന സൂചനകൾ നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന. പ്രിഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പ്രിഥ്വിരാജ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന. കഴിഞ്ഞാഴ്ച നടത്തിയ പരിശോധനുടെ തുടർച്ചയാണിത് എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞയാഴ്ച പ്രമുഖ നിർമ്മാതാക്കളുടെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഇവിടെ തിരിമറി നടന്നതായി കണ്ടെത്തിയിരുന്നു. താരങ്ങൾക്ക് പ്രതിഫലം നൽകുമ്പോൾ അതിന്റെ ടിഡിഎസ് ഈടാക്കിയ ശേഷം അത് ആദായനികുതി വകുപ്പിൽ അടക്കുകയാണ് പതിവ്. എന്നാൽ ഈ മൂന്ന് നിർമ്മാതാക്കളും പണം അടച്ചിട്ടില്ലെന്ന് കണ്ടെത്തി. താരങ്ങൾക്ക് നൽകുന്ന പ്രതിഫലവും കൃത്യമായി കണക്കുകളിൽ കാണിച്ചിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്. വരുമാനത്തിലും കണക്കുകളിലും വ്യത്യാസമുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അവരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്,.
Comments