മുംബൈ : മൊബൈൽ നമ്പർ പോർട്ട് ചെയ്യാനുള്ള സൗകര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വോഡഫോൺ- ഐഡിയ കമ്പനിയ്ക്കെതിരെ പരാതി നൽകി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് (ട്രായ്) ജിയോ പരാതി നൽകിയത്. നമ്പർ മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ എസ്എംഎസ് സേവനം ആവശ്യമാണ.് ഇത് ഒഴിവാക്കിയതോടെയാണ് ജിയോ പരാതി നൽകിയത്.
അടുത്തിടെ ടെലികോം കമ്പനികൾ റീച്ചാർജ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് സമാന രീതിയിൽ വോഡഫോണും-ഐഡിയയും നിരക്കിൽ മാറ്റം വരുത്തിയിരുന്നു. 28 ദിവസം കാലാവധിയുള്ള പ്ലാനിന്റെ നിരക്ക് 99 രൂപയാക്കി വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാനം. നിരക്ക് വർദ്ധിപ്പിച്ചതിന് പുറമേ ഈ പ്ലാൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് നേരത്തെയുണ്ടായിരുന്ന എസ്എംഎസ് സൗകര്യവും നിർത്തലാക്കിയിരുന്നു. ഇതാണ് പരാതിയ്ക്ക് ആധാരം.
പുതിയ നിരക്ക് വ്യത്യാസ പ്രകാരം 179 രൂപയ്ക്ക് മുകളിൽ റീ ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് എസ്എംഎസ് സൗകര്യങ്ങൾ ഉള്ളത്. ഇതോടെ മറ്റ് ഉപയോക്താക്കൾക്ക് നമ്പർ പോർട്ട് ചെയ്യുന്നതിൽ അസൗകര്യം ഉണ്ടാക്കി. ഇതോടെയാണ് ജിയോ പരാതി നൽകിയത്. അതേസമയം എംഎസ്എസ് സൗകര്യം നിർത്തലാക്കിയതിൽ ടെലികോം വാച്ച് ഡോഗും ട്രായ്ക്ക് പരാതി നൽകിയിരുന്നു.
Comments