തിരുവനന്തപുരം ; കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില കൊടുക്കാതെ തമിഴ്നാട് സർക്കാർ. ഇന്നലെ രാത്രി സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ തുറന്നു. വെള്ളം 142 അടിയെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. ഇന്ന് രാവിലെയോടെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഒരെണ്ണമൊഴികെ എല്ലാ ഷട്ടറുകളും അടച്ചു. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്.
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ അർദ്ധ രാത്രിയിൽ വെള്ളം തുറന്നുവിട്ടതോടെ ആളുകൾ ഭീതിയിലായി. ഈ സാഹചര്യത്തിലാണ് പിണറായി വിജയൻ സ്റ്റാലിന് കത്തയച്ചത്. എന്നാൽ തമിഴ്നാട് ഇത് ചെവിക്കൊണ്ടില്ല.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് രണ്ട് ഷട്ടറുകൾ തുറന്നത്. 30 സെന്റീമീറ്റർ വീതം തുറന്നിരിക്കുന്ന നാലു ഷട്ടറുകളിലൂടെ 1682 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകി. 1687 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടു പോയത്. തമിഴ് നാട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ജലനിരപ്പ് ഉയരാൻ കാരണം. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തത് മൂലം നീരൊഴുക്കും കൂടിയിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടര മണിക്ക് പെരിയാർ തീരത്ത് താമസിക്കുന്നവർ ഉറക്കത്തിലായിരുന്ന സമയത്താണ് തമിഴ്നാട് എട്ടു ഷട്ടറുകൾ അറുപത് സെൻറിമീറ്റർ വീതം ഉയർത്തിക്കൊണ്ട് വെളളം തുറന്നു വിട്ടത്. വിവരമറഞ്ഞ റവന്യൂ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും ജനപ്രതിനിധികളുമാണ് ഉറങ്ങിക്കിടന്നിരുന്നവരെ വിളിച്ചുണർത്തി വിവരം അറിയിച്ചത്. ഇത് ജനങ്ങളിൽ വളരെയധികം ആശങ്ക സൃഷ്ടിച്ചിരുന്നു.
Comments