കൊച്ചി: എല്ലാ സിനിമകളും ആരാധകർക്ക് വേണ്ടി എടുക്കാനാകില്ലെന്ന് മോഹൻലാൽ. ഒരു മാസ് എന്റർടെയ്‌നർ ആയിരുന്നുവെങ്കിൽ മരക്കാറിന് ഒരിക്കലും ദേശീയ അവർഡ് ലഭിക്കുമായിരുന്നില്ല. സിനിമയെ തരംതാഴ്‌ത്താൻ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണിപ്പോൾ. ഇത് മരക്കാറിന്റെ മാത്രം പ്രശ്‌നമല്ലെന്നും എല്ലാ സിനിമയും നേരിടുന്ന പ്രശ്‌നമാണെന്നും മോഹൻലാൽ പറഞ്ഞു. ഒടിടി പ്ലേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതിൽ ഒരു പ്രശ്‌നവുമില്ല. മരക്കാറിന്റെ ഫൈനൽ കോപ്പി ആയതിന് ശേഷം കൊറോണ പശ്ചാത്തലത്തിൽ റിലീസ് ചെയ്യാനാകാതിരുന്ന മാസങ്ങളിൽ ചിത്രത്തിന്റെ ഒരു ക്ലിപ്പ് പോലും ലീക്കായില്ല. ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണിത്. ലീക്ക് ആവുമെന്നത് ഭയന്നാണ് പല അന്തർദേശീയ ഫെസ്റ്റുവലുകളിലേക്കും ചിത്രം അയക്കാതിരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ
‘മരക്കാർ തിയേറ്ററിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയും അവസാനം സിനിമ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. അത് എന്റെ മാത്രം സന്തോഷമല്ല, മറിച്ച് സിനിമ മേഖലയുടെ തന്നെ വലിയ സന്തോഷവും ആനന്ദവുമാണ്. പക്ഷെ എല്ലാത്തിനും എന്നത് പോലെ ഇതിനും ഒരു മറുവശം ഉണ്ട്. ഒരു സിനിമ ഉണ്ടാവുന്നത് ഒരുപാട് പേരുടെ കഠിന പ്രയത്നം കൊണ്ടാണ്. സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നത് അത്യാവശ്യമാണ്. അതിൽ ഒരു പ്രശ്നവുമില്ല.
എന്നാൽ ഇപ്പോൾ സിനിമയെ ഡിഗ്രേഡ് ചെയ്യാൻ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്. അത് സിനിമ മേഖലക്കെതിരെയുള്ള ആക്രമണം കൂടിയാണ്. അത് കുറ്റകരമാണ്. പല സിനിമകളേയും ഡീഗ്രേഡ് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു. അത്തരം പ്രവൃത്തി ചെയ്യുന്ന വ്യക്തികൾ അതിന്റെ പരിണിതഫലത്തെ കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ട് അവർക്ക് ഒരു ഗുണവും ഇല്ല. ഒരു സ്‌ക്രീനിന്റെ മറവിൽ ഇരുന്ന കമന്റ് ചെയ്യുമ്പോൾ അത് ദോഷകരമായി ബാധിക്കുന്നത് സിനിമ മേഖലയെയും അതിൽ പ്രവർത്തിക്കുന്ന ലക്ഷകണക്കിന് ആളുകളെയുമാണ്.
ഇത് മരക്കാറിന്റെ മാത്രം പ്രശ്നമല്ല. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക സിനിമകൾക്കെതിരെയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒരു കാരണവും ഇല്ലാതെ നടക്കുന്നുണ്ട്. സിനിമയെ കുറിച്ച് വ്യക്തമായി നിരൂപണം നടത്തുന്നതിൽ ഒരു പ്രശ്നവും ഇല്ല. പക്ഷെ സിനിമയെ കുറിച്ചും നിരൂപണത്തെ കുറിച്ചും അറിയാതെ വെറുതെ സിനിമയെ കുറിച്ച് മോശം പറയുന്നത് ശരിയല്ല. ഇത്തരം പ്രവണത കൂടുതലും ഇന്നത്തെ യുവ തലമുറയിലാണ് കണ്ട് വരുന്നത്.’ മോഹൻലാൽ പറഞ്ഞു.
Comments