മുംബൈ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിൽ അടിപതറി ന്യൂസിലാന്റ്. മൂന്നാം ദിവസം കളി നിർത്തുബോൾ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ പരുങ്ങുകയാണ്. രണ്ട് ദിവസം കൂടി ബാക്കി നിൽക്കെ ഇന്ത്യയുടെ ജയം അഞ്ച് വിക്കറ്റുകൾ മാത്രം അകലെയാണ്. എന്നാൽ കിവീസിന് അഞ്ച് വിക്കറ്റ് അവശേഷിക്കേ 400 റൺസ് കൂടി വേണം.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീമും ഇത്രയും വലിയ സ്‌കോർ പിന്തുടർന്ന് ജയിച്ചിട്ടില്ല. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ വാങ്കഡേ സ്റ്റേഡിയത്തിൽ നാലാം ദിനത്തിൽ തന്നെ ഫലമുണ്ടാകും. അദ്യ ഇന്നിങ്‌സിൽ 263 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 276ന് ഡിക്ലയർ ചെയ്തു. മൂന്നാം ദിനത്തിൽ ബാറ്റിങ് തുടർന്ന ഇന്ത്യക്ക് ആദ്യ സെഷനിൽ രണ്ട് ഓപ്പണർമാരെയും നഷ്ടമായി.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ മായങ്ക് അഗർവാൾ രണ്ടാമത്തേത്തിൽ അർധസെഞ്ച്വറി നേടി. മായങ്ക് 62 റൺസ് നേടിയാണ് പുറത്തായത്. ഓപ്പണിങ് കൂട്ടുകെട്ടിൽ മായങ്കിന് കൂട്ടായി ഇറങ്ങിയ ചേതേശ്വർ പൂജാര(47) മികച്ച പിന്തുണയേകി. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 107 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
ശുഭ്മാൻ ഗിൽ(46), ക്യാപ്റ്റൻ വിരാട് കോഹ്‌ലി(36), വൃദ്ധിമാൻ സാഹ(13)ശ്രേയസ്അ്യ്യർ(14),ജയന്ത് പട്ടേൽ(6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. അക്ഷർ പട്ടേൽ(41) പുറത്താകാതെ നിന്നു. ടി20യിൽ കളിക്കുന്ന പോലെ ആഞ്ഞടിച്ച അക്ഷർ വെറും 26 പന്തിൽ നിന്നാണ് ഇത്രയും നേടിയത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറികളും അടിച്ചുകൂട്ടി.
ആദ്യ ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ന്യൂസിലാന്റിന്റെ അജാസ് പട്ടേൽ നാല് വിക്കറ്റുകൾ വീഴ്‌ത്തി. ഇതോടെ ഈ ടെസ്റ്റിൽ അജാസ് പട്ടേലിന്റെ വിക്കറ്റ് നേട്ടം 14 ആയി. രച്ചിൻ രവീന്ദ്രയാണ് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ നേടിയത്. ആദ്യ ഇന്നിങ്സിൽ 62 റൺസിന് പുറത്തായി ഫോളോൺ വഴങ്ങിയ കിവീസ് രണ്ടാം ഇന്നിങ്‌സിൽ അതിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച്ചവച്ചത്.
സന്ദർശകർക്ക് ക്യാപ്റ്റൻ ടോം ലാത്ത(6)ത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആർ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. സ്‌കോർ 45ൽ എത്തിയപ്പോൾ രണ്ടാമത്തെ ഓപ്പണറായ വിൽ യങ്(20) പുറത്തായി. റോസ് ടെയ്‌ലർ(6) ആയിരുന്നു അടുത്ത ഇര. മൂന്നാമനായി ഇറങ്ങിയ ഡാരിൽ മിച്ചൽ(60) ക്രീസിൽ പിടിച്ചു നിന്നു. കൂട്ടായി ഹെന്റി നിക്കോൾസും നിലയുറപ്പിച്ചു. ഇരുവരും നാലാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിന്റെ സ്‌കോർ മൂന്നക്കം കടത്തി.
ഡാരിൽ മിച്ചൽ പുറത്തായശേഷം വന്ന ടോം ബ്ലന്റൽ പൂജ്യത്തിന് റണ്ണൗട്ടായി. ഹെന്റി നിക്കോൾസ്(36),രച്ചിൻ രവീന്ദ്ര(2) എന്നിവരാണ് ക്രീസിൽ. ഇന്ത്യയുടെ ആർ അശ്വിൻ മൂന്ന് വിക്കറ്റ് നേടി. അക്ഷർ പട്ടേൽ ഒരു വിക്കറ്റും കരസ്ഥമാക്കി.
Comments