വൈക്കത്തപ്പനു കാണിക്കയായി ചിരട്ടയില്‍ കടഞ്ഞെടുത്ത മിഴാവ് സമര്‍പ്പിച്ച് പാലക്കാട് കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുന്‍മേല്‍ശാന്തി ജയന്‍ പുതുമന (ജനാര്‍ദനന്‍ നമ്പൂതിരി). വൈക്കത്തപ്പനു ക്ഷേത്രവാദ്യങ്ങളുടെ മാതൃക തടിയിലും ചിരട്ടയിലും നിര്‍മിച്ച് കാണിക്ക അര്‍പ്പിക്കുകയെന്നതു ജയന്‍ പുതുമനയുടെ ജീവിതാഭിലാഷമായിരുന്നു. അതിനായി ഉദയനാപുരം ശ്രീനാരായണപുരം പുതുമനയില്‍ മകന്‍ സജിത്തിന്റെ വീട്ടില്‍ സ്ഥിരതാമസമാക്കി. 6 മാസം കൊണ്ടു മിഴാവ് കടഞ്ഞെടുത്തു. മറ്റു വാദ്യങ്ങളുടെ നിര്‍മാണവും ആരംഭിച്ചു. വാദ്യങ്ങള്‍ എല്ലാം ഒരുമിച്ചു സമര്‍പ്പിക്കും.
അത്യപൂര്‍വമായ രീതിയിലാണു ജയന്‍ മിഴാവ് കടഞ്ഞെടുത്തത്. ചിത്രകാരനും ശില്‍പിയുമായ ജയനു പാലക്കാട്ടുള്ള സൃഹൃത്ത് സമ്മാനിച്ചതാണ് അപൂര്‍വ വലുപ്പമുള്ള തേങ്ങ. ഇതിന്റെ തൊണ്ടും ചകിരിയും കളഞ്ഞപ്പോഴാണു ചിരട്ടയുടെ വലുപ്പം മനസ്സിലായത്. ഇതോടെ ചിരട്ട പൊട്ടിക്കാതെ ഉള്ളിലെ വെള്ളം തേങ്ങക്കണ്ണ് കുഴിച്ചു പുറത്തുകളഞ്ഞു. എന്നാല്‍ ഉള്ളിലെ തേങ്ങ കളയുന്നതു വെല്ലുവിളിയായി. പുതിയ ഉപായം കണ്ടു പിടിച്ചു.
തേങ്ങയുടെ കണ്ണ് വഴി ഉറുമ്പുകളെ കടത്തിവിട്ടു. 6 മാസം കൊണ്ടു ഉറുമ്പുകള്‍ തേങ്ങ മുഴുവന്‍ തിന്നു തീര്‍ത്തു. പിന്നെ പൊള്ളയായ ചിരട്ടയില്‍ മിഴാവു കടഞ്ഞെടുത്തു. മിഴാവിന്റെ വായ മറ്റൊരു ചിരട്ട ഘടിപ്പിച്ചു തോല്‍ കൊണ്ടു പൊതിഞ്ഞു. മിഴാവ് വായിക്കാന്‍ തടിയില്‍ കൂടും ഉണ്ടാക്കി. വായിക്കാന്‍ അറിയാവുന്നവര്‍ക്ക് ഈ ചിരട്ട കൊണ്ടുള്ള മിഴാവ് ഉപയോഗിക്കാന്‍ കഴിയും. മറ്റു മിഴാവുകളെക്കാള്‍ വലുപ്പം കുറവായതിനാല്‍ അതിനനുസരിച്ചുള്ള ശബ്ദം മാത്രമേ കിട്ടുകയുള്ളൂ.















