കോഴിക്കോട്: പുലർച്ചെ വീടുകളുടെ മുറ്റത്ത് പൂർണനഗ്നനായി എത്തിയ അജ്ഞാതനെ തേടി താമരശ്ശേരി പൊലീസ്. താമരശ്ശേരി വെഴുപ്പൂർ, ഒതയോത്ത് ഭാഗങ്ങളിലാണ് അസാധാരണ സംഭവം ഉണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് മുഖം മറച്ച നിലയിൽ ഒരാൾ വീടുകളുടെ പരിസരത്ത് എത്തിയത്. വിവിധ വീടുകളുടെ മുറ്റത്ത് എത്തിയ ഇയാൾ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം കോളിങ് ബെൽ അമർത്തുകയായിരുന്നു. ഇതിനിടെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ് ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
വീട്ടുകാർ ബഹളം വെച്ചതോടെ അജ്ഞാതൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ആശങ്ക പടർന്നിരിക്കുകയാണ്. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
വീടുകളുടെ പരിസരം നിരീക്ഷിച്ച രീതിയിൽ നിന്ന് മോഷണശ്രമമാണോയെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. അജ്ഞാതർ എത്തി കോളിങ് ബെൽ അടിച്ചാൽ ഉടൻ വാതിൽ തുറക്കരുതെന്നും, സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.















