കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ കൂട്ടായ്മയായ അമ്മയെ നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേളബാബുവും തന്നെ വീണ്ടും നയിക്കും. പുതിയ ഭരണസമിതിയിലേക്ക് 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുവർക്കും എതിരാളികളില്ല.
തുടർച്ചയായ രണ്ടാം തവണയാണ് മോഹൻലാലും ഇടവേള ബാബുവും അമ്മയെ നയിക്കുന്നത്. ട്രഷറർ, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സിദ്ദീഖും ജയസൂര്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ ജയസൂര്യ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സിദ്ദിഖ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
രണ്ട് പ്രസിഡന്റുമാരേയും 11 എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുക്കാൻ മത്സരം നടക്കും. ആശാ ശരത്തും ശ്വേതാ മേനോനും ഔദ്യോഗിക പാനലിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കും. പാനലിനു പുറത്തുനിന്നും മുകേഷ്, മണിയൻ പിള്ള രാജു, ജഗദീഷ് എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുണ്ട്.
ഹണിറോസ്, ലെന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുരഭി ലക്ഷ്മി, ബാബുരാജ് ,നിവിൻപോളി സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ് , ഉണ്ണി മുകുന്ദൻ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്.
Comments