ന്യൂഡൽഹി: ഡൽഹിയിൽ ക്രമിനൽ സംഘത്തിൽപ്പെട്ട 27 കാരനായ ഷാർപ്പ് ഷൂട്ടർ അറസ്റ്റിലായി. ഡൽഹി പോലീസ് സ്പെഷൽ സെൽ ആണ് ഗ്യാങ്സ്റ്റർ കപിൽ സാങ് വാന്റെ സംഘത്തിൽപെട്ട ഇയാളെ പിടികൂടിയത്. കൊലക്കേസിൽ പ്രതിയായ ശേഷം ഇടക്കാല ജാമ്യം എടുത്ത് മുങ്ങി നടക്കുകയായിരുന്നു ഇയാൾ.
നജാഫ്ഗഢ് സ്വദേശിയായ ദീപക് ധൻകർ ആണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പിടികൂടുമ്പോൾ സെമി ഓട്ടോമാറ്റിക് പിസ്റ്റളും കൈവശം ഉണ്ടായിരുന്നു. തോക്കിനുളളിൽ നിറച്ച നിലയിൽ അഞ്ച് വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നജാഫ്ഗഢിലെ ശ്രീകിഷൻ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങുകയായിരുന്നു. ആറ് മാസമായി ഇയാൾക്കായുളള അന്വേഷണത്തിലായിരുന്നു പോലീസ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ കക്രോല ഗ്രാമത്തിൽ പോലീസ് ഒരുക്കിയ കെണിയിലേക്ക് ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. കാറിൽ വന്നിറങ്ങിയ ഉടനെ പോലീസ് സാന്നിദ്ധ്യം മനസിലാക്കിയ ദീപക് വെടിയുതിർത്തു. എന്നാൽ പാഞ്ഞെത്തിയ പോലീസുകാർ ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
കൊലപാതകം ഉൾപ്പെടെ ആറ് കേസുകളിലെ പ്രതിയാണ് ഇയാൾ.
Comments