കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുണ്ടായ സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വം. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് കോമത്തിന് നല്ലതെന്നും അല്ലെങ്കിൽ ഒറ്റപ്പെടുമെന്നുമായിരുന്നു ഇ പി ജയരാജന്റെ മുന്നറിയിപ്പ്. സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം വി ജയരാജന്റെ പരിഹാസം. വീടിനു നേരെ ചെരിഞ്ഞാൽ സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും മുറിച്ചു മാറ്റണമെന്നും എം.വി.ജയരാജൻ വിമർശിച്ചു. തളിപ്പറമ്പിൽ വിളിച്ചു ചേർത്ത രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും ഉൾപ്പെടെ ഉള്ളവർ കോമത്ത് മുരളീധരനും സിപിഐക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
കോമത്ത് മുരളീധരന്റെ പേര് പറയാതെ അതിരൂക്ഷമായി ആക്ഷേപിച്ചാണ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ യോഗത്തിന് തുടക്കം കുറിച്ചത്. ഒരു വർഷം പാർട്ടിയിൽ പ്രവർത്തിച്ചയാളുടെ സംഘടനാ വിവരം പോലും ഇല്ലാത്ത അവസ്ഥയിലാണ് കോമത്ത് മുരളീധരനെന്ന് ഏരിയ സെക്രട്ടറി കെ.സന്തോഷ് വിമർശിച്ചു. സിപിഎമ്മിന് അവകാശപ്പെട്ട സ്ഥലത്ത് സിപിഐ സ്ഥാപിച്ച പതാക മാറ്റിയില്ലെങ്കിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറ്റുമെന്നും കെ.സന്തോഷ് പറഞ്ഞു. സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് ഇപ്പോൾ സിപിഐ എന്നായിരുന്നു എം.വി.ജയരാജന്റെ വിമർശനം. ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ പറ്റു. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും എം.വി.ജയരാജൻ പറഞ്ഞു.
പാർട്ടിയെ ദുർബലപ്പെടുത്തുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണെന്നായിരുന്നു ഇ.പി.ജയരാജന്റെ വിമർശനം. അത്തരത്തിലുള്ളവരെ ജനങ്ങൾ ഒറ്റപ്പെടുത്തും. ഇവർ എന്തിനാണ് സിപിഐയിൽ പോയതെന്ന് വ്യക്തമാകുന്നില്ല. ഇത്തരത്തിലുള്ളവർ സിപിഐയിൽ പോയാൽ അവരും കുഴപ്പത്തിലാകും. പോയവർക്ക് തെറ്റ് തിരുത്തി വരാനുള്ള സാഹചര്യം ഉണ്ട്. ഒരു പാട് പേർ തെറ്റ് തിരുത്തി പാർട്ടിയിൽ തിരിച്ചെത്തുന്നുണ്ട്. തെറ്റ് തിരുത്തി തിരികെ എത്താത്തവർ ദുർബലപ്പെട്ട് പോകും. പാർട്ടിക്ക് മുമ്പിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് വരുന്നതാണ് നല്ലത്. ഇപ്പോൾ തിരിച്ചുവന്നില്ലെങ്കിൽ മുരളി ഒറ്റപ്പെട്ടു പോകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മുൻ ഏരിയ കമ്മിറ്റിയംഗം കൂടിയായ കോമത്ത് മുരളീധരൻ അറുപതോളം പ്രവർത്തകർക്കൊപ്പമാണ് സിപിഐയിൽ ചേർന്നത്.
Comments