ഛണ്ഡീഗഡ് : ഹരിയാനയിൽ സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ നിന്നും സ്റ്റാന്റ് അപ്പ് കൊമേഡിയൻ മുനാവർ ഫറൂഖിയെ ഒഴിവാക്കി സംഘാടകർ. പരിപാടി നടത്തുന്നതിനെതിരെ ഹരിയാനയിലെ ബിജെപി നേതാവ് സംസ്ഥാന ഐടി വകുപ്പിന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് ഫറൂഖിയെ ഒഴിവാക്കിയത്. ഹരിയാനയിലെ ഗുരുഗ്രാമിൽ മൂന്ന് ദിവസം നീളുന്ന പരിപാടിയാണ് ഫറൂഖിയും സംഘവും സംഘടിപ്പിക്കാനിരുന്നത്.
ബിജെപി നേതാവ് അരുൺ യാദവാണ് പരിപാടിയ്‌ക്കെതിരെ ഗുരുഗ്രാം പോലീസിൽ പരാതി നൽകിയത്. വർഗ്ഗീയ കലാപത്തിലേക്ക് സമൂഹങ്ങളെ നയിക്കുന്നതാണ് ഫറൂഖിയുടെ പരിപാടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പൊതുയിടങ്ങളിൽ ഹിന്ദു വിശ്വാസങ്ങളെയും, ദൈവങ്ങളെയും അവഹേളിക്കുകയാണ് ഹാസ്യപരിപാടിയിലൂടെ ഫറൂഖി ചെയ്യുന്നതെന്ന്. ഇതിനെതിരെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് വീണ്ടും ഹിന്ദു ദൈവങ്ങളെ പൊതുവേദിയിൽ അപമാനിക്കുന്നത് ഫറൂഖി തുടരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഫറൂഖിയുടെ പ്രവൃത്തികൾ ഹിന്ദു വിശ്വാസങ്ങൾക്ക് എതിരാണ്. സമൂഹത്തിൽ വർഗ്ഗീയ ലഹള സൃഷ്ടിക്കാനായി ബോധപൂർവ്വമാണ് ഫറൂഖി ഇത്തരത്തിൽ പരിപാടി അവതരിപ്പിക്കുന്നതെന്നും അരുൺ യാദവ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയിലെ പരാമർശങ്ങൾ സത്യമാണെന്നതിന് തെളിവായി ഫറൂഖിയുടെ പരിപാടിയുടെ ദൃശ്യങ്ങളും അദ്ദേഹം പരാതിയ്‌ക്കൊപ്പം പോലീസിന് നൽകിയിട്ടുണ്ട്.
ഡിസംബർ 17 മുതൽ 19 വരെയാണ് ഗുരുഗ്രാമിലെ അയിരിയ മാളിൽ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ ഫറൂഖിയുടെ പേര് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ നിരവധി പേർ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഫറൂഖിയെ ഒഴിവാക്കിയത്.
കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ ഷോ റദ്ദാക്കിയതിന് പിന്നാലെ താൻ പരിപാടി അവസാനിപ്പിക്കുകയാണെന്ന സൂചനയിൽ ഫറൂഖി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.
Comments