തൃശ്ശൂർ : ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. ബിജെപി നേതാക്കളായ അഡ്വ.ബി ഗോപാലകൃഷ്ണൻ, എ നാഗേഷ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
പെൺകുട്ടികളുടെ വിവാഹ സഹായത്തിനായി പ്രവർത്തിക്കുന്ന സമർപ്പണ എന്ന സംഘടനവഴിയാണ് ബിജെപി വിപിന്റെ സഹോദരിയ്‌ക്ക് സഹായം നൽകുന്നത്. മരണവാർത്തയ്‌ക്ക് പിന്നാലെ ബിജെപി നേതാക്കൾ വിപിന്റെ വീട് സന്ദർശിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു ബിജെപി നേതാക്കൾ സഹോദരിയുടെ വിവാഹം ഏറ്റെടുക്കുമെന്ന് അറിയിച്ചത്. വിവാഹം നടത്താനായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ സമർപ്പണയുമായി ബന്ധപ്പെടണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.
വിപിന്റെ വീട്ടുകാർക്ക് താത്പര്യമുണ്ടെങ്കിൽ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും. വിവാഹത്തിന്റെ എല്ലാ ചിലവുകളും ബിജെപി നേതാക്കൾ വഹിക്കും. സമൂഹത്തോട് ഒരു കാര്യമാണ് അഭ്യർത്ഥിക്കാനുള്ളത്. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ മാനസിക സംഘർഷം അനുഭവപ്പെട്ടാൽ ദയവ് ചെയ്ത് ആത്മഹത്യ ചെയ്യരുത്. പകരം സമർപ്പണയുടെ ഭാരവാഹികളുമായി ബന്ധപ്പെടണം. തീർച്ചയായും തങ്ങൾ അതിനൊരു പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുകാരും, മേയർ ഉൾപ്പെടെയുള്ളവരുമായും ബന്ധപ്പെട്ട് വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പാർട്ടി മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് എ നാഗേഷും പറഞ്ഞു.
വിവാഹം നടത്തുന്നതിനുള്ള പണം ഇല്ലാത്തതിന്റെ മനോവിഷമത്തിലാണ് കുണ്ടുവാറ സ്വദേശി വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് ആഭരണം വാങ്ങുന്നതിനും, മറ്റ് ചിലവുകൾക്കുമായി ബാങ്ക് വായ്പയെയായിരുന്നു വിപിനും കുടുംബവും ആശ്രയിച്ചിരുന്നത്. എന്നാൽ മൂന്ന് സെന്റ് ഭൂമിയിൽ വായ്പ നൽകാൻ ആകില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ഇതറിഞ്ഞ ശേഷമായിരുന്നു വിപിന്റെ ആത്മഹത്യ.
Comments