കൊല്ലം: കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിത പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. സംഭവത്തിൽ ശക്തികുളങ്ങര കന്നിമേൽചേരി അയനിയിൽ വീട്ടിൽ സൂരജ് (23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളിമഠത്തിൽ ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയേയും ഇവർ ആക്രമിച്ചു. പോലീസ് ഉദ്യോഗസ്ഥയെ ചവിട്ടി വീഴ്‌ത്തിയ ശേഷം സ്‌റ്റേഷനിലുണ്ടായിരുന്ന ഫർണീച്ചറുകളും അക്രമിസംഘം തകർത്തു.
ചൊവ്വാഴ്ച രാത്രി അഞ്ചാലുംമൂട് ജംഗ്ഷനിലായിരുന്നു ആദ്യത്തെ സംഭവം. സ്‌കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നു. ഇവരുടെ സ്‌കൂട്ടർ അഞ്ചാലുംമൂട്ടിൽ പൂക്കട നടത്തുന്ന അജിയുടെ കാറിൽ ഇടിച്ചു. ചോദ്യം ചെയ്ത അജിയെ യുവാക്കൾ സംഘംചേർന്നു മർദ്ദിച്ച് അവശനാക്കി. രക്ഷപെടാൻ ശ്രമിച്ച യുവാക്കളുടെ സ്‌കൂട്ടർ മറ്റൊരു വാഹനത്തിലും ഇടിച്ചു. തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലിലും യുവാക്കൾ സ്‌കൂട്ടർ ഇടിപ്പിച്ചു. യുവാക്കളെ തടയാൻ ശ്രമിച്ച നാട്ടുകാരിൽ പലർക്കും ഇവരുടെ അടിയേറ്റു. ഒടുവിൽ പോലീസെത്തി ഏറെ ശ്രമപ്പെട്ടാണ് ഇവരെ പിടികൂടിയത്.
സ്റ്റേഷനിലെത്തിയതിന് പിന്നാലെ അക്രമകാരികളായ യുവാക്കളിലൊരാൾ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയേയും ആക്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ അജിമോളെ യൂണിഫോമിൽ പിടിച്ചുവലിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തു. പോലീസുകാരോട് വധഭീഷണി മുഴക്കിയ സംഘം സ്‌റ്റേഷനിലെ സാധനങ്ങളും തല്ലിത്തകർത്തു. അയ്യായിരത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. രണ്ട് പ്രതികളേയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















Comments