കോഴിക്കോട്: മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നവർ മതത്തിൽ നിന്നും അകലുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. കോഴിക്കോട് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും പ്രശ്നങ്ങളുടെ പേരിൽ മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ പോകുന്നവർ മതത്തിൽ നിന്ന് അകലുകയാണ്. തലശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങൾ കാണാം. ഈ സ്ഥലങ്ങളിലൊക്കെ മുസ്ലീം ലീഗിൽ നിന്ന് പോയ കുട്ടികൾ യഥാർത്ഥത്തിൽ മതത്തിൽ നിന്ന് കൂടിയാണ് വിട്ടുപോയത്. സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചു പോവുകയാണ് ചെയ്തിരിക്കുന്നതെന്നും കെ.എം.ഷാജി പറഞ്ഞു.
അധികാരത്തിലെത്തുമ്പോൾ ഇടതുപക്ഷത്തിന് മുസ്ലീം സമുദായത്തോട് ചൊറിച്ചിലാണ്. വഖഫ് പ്രശ്നം സമുദായത്തിന്റെ മൊത്തം പ്രശ്നമാണ്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമം. ലീഗിന്റെ പതാകയ്ക്ക് കീഴിൽ നിന്ന് മുജാഹിദിനേയും സുന്നിയേയും വേർതിരിക്കാനാകില്ല. പക്ഷേ വഖഫ് വിവാദം സമുദായത്തിന് ഗുണം ചെയ്തു. കമ്മ്യൂണിസവും മാർക്സിസവും ഇസ്ലാം വിരുദ്ധമാണെന്ന് മനസിലാക്കാനായെന്നും കെ.എം.ഷാജി പറഞ്ഞു.
രാജ്യത്ത് ബിജെപി പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണ് കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇന്ത്യയിൽ മുസ്ലീങ്ങൾ ഏറ്റവും ശോചനീയ അവസ്ഥയിൽ ജിവിക്കുന്നത് വർഷങ്ങളോളം സിപിഎം ഭരിച്ച ബംഗാളിലായിരുന്നുവെന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്ത് കേരളത്തിലും സമാനസാഹചര്യമുണ്ടാക്കാനാണ് ശ്രമം. തീരുമാനം പിൻവലിക്കുന്നത് വരെ സമരരംഗത്ത് ഉറച്ചു നിൽക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















Comments