പത്തനംതിട്ട : തിരുവല്ലയിൽ കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തിയ സംഘം നടത്തിയത് വൻ കവർച്ച. കറ്റോട് സ്വദേശി സാബു എബ്രഹാമിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. സംഭവത്തിൽ തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സാബുവിന്റെ മരുമകൾ മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ താഴത്തെ നിലയിലാണ് താമസം. വീടിന്റെ ഷെഡ്ഡിൽ അപരിചിതനെ കണ്ട അയൽവാസിയായ കുട്ടി മരുമകളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒന്നാം നിലയിൽ എത്തി. അപ്പോൾ ഒന്നാം നിലയിലെ ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്നതാണ് ഇരുവരും കണ്ടത്. തുടർന്ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിഞ്ഞത്. 35 പവന്റെ സ്വർണമാണ് നഷ്ടമായത്.
ഉച്ചയ്ക്ക് അയൽവാസിയുടെ വീട്ടിൽ കർട്ടൻ വിൽക്കാൻ ഒരു സംഘം എത്തിയിരുന്നു. ഇവരാണ് മോഷണം നടത്തിയതെന്നാണ് സൂചന. വീടിന്റെ മതിൽ വഴിയാണ് മോഷ്ടാക്കൾ സാബുവിന്റെ വീട്ടിനകത്തേക്ക് കടന്നിരിക്കുന്നത്. പ്രതികൾക്കായി പോലീസ് അയൽ വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Comments