കാശിയിലെത്തുന്ന തീർത്ഥാടകരെ വിശ്വനാഥ സന്നിധിയിലേക്ക് വഴി നയിക്കാൻ പുതിയ ഇടനാഴി. കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഭക്തരുടെ തീർത്ഥാടനം കൂടുതൽ എളുപ്പമാകും. കാശിവിശ്വനാഥ ക്ഷേത്ര സമുച്ഛയത്തെയും, ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ് പുതുതായി നിർമ്മിച്ച ഇടനാഴി. നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയെന്ന് അറിയപ്പെടുന്ന ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ മുഖം മിനുക്കാൻ വരണാസിയും ഒരുങ്ങുകയാണ്.
സ്വപ്‌ന പദ്ധതി…. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിർമ്മാണത്തിനുള്ള തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണം ഇങ്ങിനെയായിരുന്നു. തിങ്കളാഴ്ച ഇടനാഴി ഉദ്ഘാടനം ചെയ്യുമ്പോൾ രാജ്യത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നു കൂടിയാണ് യാഥാർത്ഥ്യമാകുന്നത്.
ക്ഷേത്ര സമുച്ഛയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴിയുടെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്‌ക്കായി കേന്ദ്രസർക്കാർ ചിലവിട്ടിരിക്കുന്നത്. പ്രശസ്ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മറ്റൊരു സ്വപ്‌നപദ്ധതിയായ സെൻട്രൽ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്.
കേവലം മൂന്ന് വർഷം കൊണ്ടാണ് ഇടനാഴിയുടെ നിർമ്മാണം പൂർത്തിയാക്കിയത് എന്നത് പദ്ധതിയ്‌ക്ക് കേന്ദ്രസർക്കാർ നൽകിയ പ്രധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒന്നാണ്. നദിയിൽ നിന്നും നോക്കുമ്പോൾ ഇടനാഴിയുടെ മുൻഭാഗം എങ്ങിനെയാകണമെന്ന് പ്രധാനമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിർദ്ദേശം. ഈ നിർദ്ദേശങ്ങളെല്ലാം സമന്യയിക്കുന്നതാണ് ഇടനാഴി.
50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല പണ്ടുള്ളതിനേക്കാൾ മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇതിൽ പ്രധാനമാണ്. വരണാസിയുടെ ചരിത്രവും, സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസീയവും, ഓഡിറ്റോറിയവും ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. യാഗം നടത്തേണ്ട ഭക്തർക്കായി പുതിയ യാഗശാലകളും സജീകരിച്ചിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനായി സന്നദ്ധ പ്രവർത്തകരും ഇടനാഴിയിൽ ഉണ്ടാകും. നഗരത്തെക്കുറിച്ചും, കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും ഇവർ ഭക്തരോട് വിവരിക്കും. പുതിയ വിപുലിമായ ഭോജനശാലയും ഇടനാഴിയുടെ പ്രത്യേകതയാണ്. ചടങ്ങുകൾക്കും, യോഗങ്ങൾക്കുമായുള്ള പ്രത്യേക സൗകര്യങ്ങളും കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയിൽ ഒരുക്കിയിട്ടുണ്ട്.
പുതിയ ഇടനാഴി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വരണാസിയുടെ മുഖച്ഛായയാണ് മാറ്റി മറിയ്‌ക്കാൻ ഒരുങ്ങുന്നത് എന്നത് സുപ്രധാനമാണ്. സാധരണായായി ദിനം പ്രതി 5000 മുതൽ 8000 വരെ ആളുകളാണ് കാശിയിൽ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഉത്സവ കാലങ്ങളിൽ ഇത് പതിനായിരം കടക്കും. ഇടനാഴി തീർത്ഥാടനം എളുപ്പമാക്കുന്നതിനായി ദിനം പ്രതി ക്ഷേത്രത്തിൽ എത്തുന്നവരുടെ എണ്ണം 10,000 കടക്കുമെന്നാണ് വിലയിരുത്തൽ. ഇത് വരണാസിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലേക്ക് വഴിവയ്‌ക്കുകയും ചെയ്യും.
Comments