ന്യൂഡൽഹി:കേരള പോലീസിനെ വട്ടംകറക്കിയ സുകുമാര കുറുപ്പിന്റെ കേസിന് സമാനമായ കൊലപാതകം ഡൽഹിയിലും.ഡൽഹിയിലെ ഗാസിയാബാദിലാണ് സംഭവം.സുദേഷ് എന്നയാളുടെ മരണത്തിന് പിന്നാലെ പോയ പോലീസാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
നവംബർ 20 ന് ഗാസിയാബാദിലെ ലോണിയിൽ നിന്ന് മുഖം കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം ലഭിച്ചിരുന്നു. പരിശോധനയ്‌ക്കൊടുവിൽ സുദേഷ് എന്നയാളുടെ ആധാർകാർഡ് ലഭിച്ചു.മൃതദേഹം ധരിച്ചിരുന്ന വസ്ത്രം ഭാര്യയെ കാണിച്ചപ്പോൾ ഭാര്യ സുദേഷിന്റേതാണെന്ന് അവകാശപ്പെട്ടു. തുടർന്ന് മരിച്ചത് സുദേഷ് ആണെന്ന് ഉറപ്പിച്ചു.
സമാന്തരമായി നടത്തിയ അന്വേഷണത്തിൽ വർഷങ്ങൾക്ക് മുൻപ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു സുദേഷ് എന്ന ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിച്ചു. കേസിൽ ജയിലിലായിരുന്ന സുദേഷ് സംഭവ സമയം പരോളിലായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് അന്വേഷണം രഹസ്യമായി തുടർന്നു. അതിനിടെ സുദേഷ് ജീവിച്ചിരിക്കുന്നുണ്ടെന്ന സൂചന പോലീസിന് ലഭിച്ചു.
സുദേഷിന്റെ വീടിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുദേഷിന്റെ രൂപസാദൃശ്യമുള്ള വ്യക്തി സൈക്കിളിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. സുദേഷ് തന്റെ ഭാര്യയെ കാണാൻ വരാറുണ്ടെന്ന് സൂചന ലഭിച്ച പോലീസ് സുദേഷിന്റെ വീട് റെയ്ഡ് ചെയ്തു ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. 2018 മുതൽ ജയിലിൽ കഴിയുന്ന സുദേഷിന് കൊറോണയെ തുടർന്ന് തടവുകാർക്ക് പരോൾ അനുവദിച്ചപ്പോൾ പരോൾ ലഭിച്ചിരുന്നു. പരോൾ അടുത്ത് തന്നെ തീരുമെന്നും താൻ ജയിലിലേക്ക് മടങ്ങേണ്ടി വരുമെന്നും സുദേഷ് ഭയപ്പെട്ടിരുന്നു.
അങ്ങനെയാണ് തനിക്ക് പകരം മറ്റൊരാളെ കൊന്ന് താൻ മരിച്ചെന്ന് വരുതിത്തീർക്കാൻ സുദേഷ് ശ്രമിച്ചത്. തന്റെ പദ്ധതി നടപ്പിലാക്കാൻ വീട് നന്നാക്കാൻ ആണെന്ന വ്യാജേന വീട്ടിലേക്ക് ഒരു തൊഴിലാളിയെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ തൊഴിലാളിയെ മദ്യപിക്കാൻ നിർബന്ധിച്ചു. അമിതമായി മദ്യപിച്ച് ബോധരഹിതനായ തൊഴിലാളിയെ മരത്തടികൊണ്ട് പലതവണ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം തൊഴിലാളിയുടെ മുഖം കത്തിച്ച് ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.തൊഴിലാളിയെ കാണാനില്ലെന്ന് പറഞ്ഞ് ലഭിച്ച പരാതിയും കേസിൽ നിർണായകമായി.കുറ്റകൃത്യത്തിന് കൂട്ടുനിന്ന സുദേഷിന്റെ ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















Comments