തൃശൂർ: സർവകലാശാല വിഷയത്തിൽ ഇടതു നേതാക്കൾ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് എം.ടി രമേശ്. ഗവർണർ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കും എന്നാണ് ഇടതു നേതാക്കൾ പറയുന്നത്. ഗവർണറുടെ ചാൻസലർ പദവി നിയമം മൂലം നിഷ്‌കർഷിച്ചതാണ്. സർക്കാരിന്റെയോ മാറ്റാരുടെയോ ഔദാര്യമല്ലെന്നും എം.ടി രമേശ് തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞ വിശദീകരണം എല്ലാം കളവാണ്. വിസി നിയമനം സംബന്ധിച്ച് പാനൽ നൽകേണ്ടതില്ലെന്ന് ഗവർണർ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്നു തെളിഞ്ഞു.
നിയമനം സംബന്ധിച്ച ഫയൽ ഗവർണ്ണർ മടക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയണം. കണ്ണൂർ സർവകലാശാല വിസി നിയമനം മാനദണ്ഡങ്ങൾ പാലിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. കേരള നിയമസഭ പാസാക്കിയ വിസി നിയമനം സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല.
സിപിഎമ്മിന്റെ രാഷ്‌ട്രീയ ചട്ടുകമാക്കാൻ തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ഗവർണ്ണർ പ്രതികരണം നടത്തിയത്. ഗവർണറെ കാണാൻ മുഖ്യമന്ത്രി ദൂതൻമാരെ അയക്കുന്നു. മുഖ്യമന്ത്രിയുടെ ദുർവാശി ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കും. അഡ്വക്കേറ്റ് ജനറലുമായി നിയമോപദേശത്തിനു ബന്ധപ്പെടാൻ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അവകാശം ഇല്ല. ചട്ട വിരുദ്ധമായി ഗവർണറെ സ്വാധീനിക്കാൻ ഉന്നത വിദ്യാഭ്യാസമന്ത്രി ശ്രമിച്ചു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി. മന്ത്രി രാജി വെക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാല വിസിക്ക് കാലാവധി നീട്ടി കൊടുത്തത് ആരുടെ നിർദ്ദേശ പ്രകാരമാണ്. സിപിഎം സെക്രട്ടറി ചാൻസലർ ആയാൽ മതി എന്നാണോ സർക്കാർ നിലപാട്. രാജ്ഭവനിൽ ഗവർണർ ഇരിക്കുന്നത് രാഷ്‌ട്രപതിയുടെ പ്രതിനിധിയായിട്ടാണ്.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ അഴിമതിയാണ് നടക്കുന്നത്. അഴിമതി ചൂണ്ടിക്കാട്ടിയതോടെ ഗവർണർ നേതാക്കന്മാർക്ക് അനഭിമതനായി. കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനും ഗവർണറെ ഭീഷണിപ്പെടുത്തുകയാണ്. കണ്ണൂർ സർവ്വകലാശാല വി സി ഗോപിനാഥ് രവീന്ദ്രനു കാലാവധി നീട്ടി കൊടുത്തത് ആരുടെ നിർദ്ദേശപ്രകാരമാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം ടി രമേശ് പറഞ്ഞു.
Comments