തിരുവനന്തപുരം : ഇറച്ചിവെട്ടിയ ശേഷം കൈതുടയ്‌ക്കാൻ കോഴിക്കടയിൽ ദേശീയ പതാക കെട്ടിത്തൂക്കി ഇറച്ചിക്കടയുടമ. കാട്ടാക്കടയിലെ കിള്ളി ബർമ റോഡിലെ ഹലാൽ ചിക്കൻ ആൻഡ് മട്ടൻ സ്റ്റാളിലാണ് കൈ തുടയ്‌ക്കാനായി ത്രിവർണ പതാക കെട്ടിത്തൂക്കിയിരിക്കുന്നത്. സംഭവത്തിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾ കടയിൽ ഇറച്ചിവെട്ടുന്ന സ്ഥലത്ത് പതാക കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികളിൽ ചിലർ ഇത് ഫോണിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പോലീസുകാർ കടയിൽ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റിയിരുന്നു.
പോലീസ് എത്തി നോക്കിയപ്പോൾ പരാതിയിൽ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടർന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പരാതിക്കാർ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാനോ, ചോദ്യം ചെയ്യാനോ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം.
പതാക അഴിച്ചുമാറ്റാൻ ഇറച്ചിക്കടക്കാരന് വിവരം നൽകിയത് പോലീസിലെ ചില ഉദ്യോഗസ്ഥരാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പോലീസിന് മാത്രമാണ് ദൃശ്യങ്ങൾ കൈമാറിയതെന്ന് പൊതുപ്രവർത്തകൻ കാട്ടാക്കട രജി പറഞ്ഞു. എന്നാൽ പോലീസ് എത്തുന്നതിന് മുൻപേ ചിലർ കടയുടമയ്‌ക്ക് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്നാണ് പതാക അഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
Comments