തിരുവനന്തപുരം : വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കെഎംപിജിഎ അസോസിയേഷൻ അദ്ധ്യക്ഷ അജിത്രയെ അപമാനിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇന്നലെയായിരുന്നു ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ എത്തിയ അജിത്രയെ ജീവനക്കാരൻ അപമാനിച്ചത്.
സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽവെച്ചായിരുന്നു സംഭവം. കാലിന് മുകളിൽ കാല് കയറ്റിവെച്ചാണ് അജിത്ര ഇരുന്നത്. ഇതുകണ്ടെത്തിയ ജീവനക്കാരൻ ഇവിടെ ധാരാളം വലിയ ആളുകൾ വരുന്നതാണെന്നും കാല് താഴ്‌ത്തിയിട്ടിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ താഴ്‌ത്തിയിട്ടിരിക്കാൻ പറ്റില്ലെന്നും തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും അജിത്ര മറുപടി നൽകി. ഇതിനോട് എങ്കിൽ തുണിയുടുക്കാതെ നടന്നോ എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം.
സംഭവത്തിൽ അജിത്ര ഉടൻ പോലീസിന് പരാതി നൽകിയിരുന്നു. ഇതിലാണ് ജീവനക്കാരനെതിരെ കേസ് എടുത്തത്. സംഭവത്തിൽ അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Comments