ഹൈദരാബാദ് : ഭർത്താവ് മെസേജുകൾക്ക് മറുപടി നൽകാത്തതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു. ചന്ദന നഗർ സ്വദേശി ഖനേജ ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്. ഖനേജയുടെ ഭർത്താവ് സയ്യിദ് ഹമീദ് സൗദി അറേബ്യയിലാണ്.
ഉച്ചയോടെയായിരുന്നു സംഭവം. ഏറെ നേരമായും മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയിൽ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഫാത്തിമയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു റിസർച്ച് അനലിസ്റ്റായ ഹമീദുമായുള്ള ഫാത്തിമയുടെ വിവാഹം. രണ്ട് മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഹമീദ് തിരികെ പോയി. ഇതിന് ശേഷം ഇയാൾ ഭാര്യയുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. നിരവധി തവണ ഫാത്തിമ ഫോണിൽ ഹമീദുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിരന്തരം മെസേജുകൾ അയക്കുമെങ്കിലും ഇതിനും ഹമീദ് മറുപടി നൽകിയിരുന്നില്ല. ഇതിൽ ഫാത്തിമയ്ക്ക് വലിയ മാനസിക പ്രയാസം ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു.
ഭർതൃമാതാവിനോട് ഹമീദിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, എല്ലാം ഭേദമായ ശേഷം വിളിക്കുമെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ ഫാത്തിമ സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. എന്നിട്ടും മറുപടി ലഭിക്കാതിരുന്നതോടെയായിരുന്നു ആത്മഹത്യ.
Comments