തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. പുതുതായി നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 15 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇതിന് പുറമേ യുകെയിൽ നിന്നെത്തിയ യുവതി, നൈജീരിയയിൽ നിന്നും വന്ന യുവാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 കാരന്റെ അമ്മയ്‌ക്കും, അമ്മൂമ്മയ്‌ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും കൊറോണ പോസിറ്റീവ് ആയിരുന്നു. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ ജനിതക പരിശോധനാ ഫലത്തിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്.
യുകെയിൽ നിന്നെത്തിയ 27 കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇവർ തിരുവനന്തപുരം സ്വദേശിനിയാണ്. ഈ മാസം 16 ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ യുവതി ഉൾപ്പെട്ടിരുന്നു. നൈജീരിയയിൽ നിന്നും എത്തിയ യുവാവിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ തന്നെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹവും നിരീക്ഷണത്തിലായിരുന്നു.
Comments